യോഹാന്‍ ക്രൈഫ് സ്‌റ്റേഡിയത്തില്‍ ബാഴ്‌സയുടെ ഗോള്‍വിരുന്ന്

Update: 2025-09-15 05:35 GMT

ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ വലന്‍സിയെ എതിരില്ലാതെ ആറു ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്സലോണ. ഫെര്‍മിന്‍ ലോപ്പസ് (29, 56), റഫീന (53, 66), ലെവന്‍ഡൗസ്‌കി (76, 86) എന്നിവരുടെ ഇരട്ടഗോള്‍ നേട്ടത്തോടെയാണ് ബാഴ്‌സയുടെ ജയം. ലീഗില്‍ മൂന്നുജയവും ഒരു സമനിലയും നേടി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബാഴ്സ. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാംപ് നൗ തുറക്കാത്തതിനാല്‍ മല്‍സരം വനിതാ ടീമിന്റെ യോഹാന്‍ ക്രൈഫ് സ്റ്റേഡിയത്തിലാണ് നടന്നത്.

ആദ്യ പകുതിയില്‍ ലോപ്പസിന്റെ ഗോളില്‍ ലീഡ് നേടിയ ബാഴ്സ, രണ്ടാം പകുതിയില്‍ പൂര്‍ണ നിയന്ത്രണം നേടി. റഫീനയുടെ ഇരട്ട ഗോള്‍, ലോപ്പസിന്റെ ലോങ്ങ് റേഞ്ച് ഷോട്ട്, അവസാനം പകരക്കാരനായിറങ്ങിയ ലെവന്‍ഡൗസ്‌കിയുടെ ഇരട്ട ഗോള്‍, എല്ലാം ചേര്‍ന്നപ്പോള്‍ സ്‌കോര്‍ 6-0. ബാഴ്‌സയുടെ അടുത്ത മല്‍സരം ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരെയാണ്. ഇന്നലെ നടന്ന മറ്റ് ലാലിഗ മല്‍സരങ്ങളില്‍ ഒസാസുന റയോ വയ്യക്കാനോയെ തോല്‍പിച്ചു. റയല്‍ ബെറ്റിസ് -ലെവന്റ്‌റേ, സെല്‍റ്റ വിഗോ -ജിറോണ മല്‍സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.




Tags: