പാരീസ്: ലോകത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഫ്രഞ്ച് മുന്നേറ്റ താരം ഉസ്മാന്‍ ഡെംബലെക്ക്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിലെത്തിച്ചത്. ബാഴ്‌സലോണയുടെ കൗമാര താരം ലാമിന്‍ യമാലിനെ മറികടന്നാണ് ഡെംബലെ പുരസ്‌കാരം നേടിയത്. ഡെംബലെയുടെ ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരമാണിത്.
കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി മിന്നും പ്രകടനമാണ് ഉസ്മാനെ ഡെംബലെ കാഴ്ചവെച്ചത്. പിഎസ്ജിക്കായി 33 ഗോളുകളും 15 അസിസ്റ്റുകളും ഡെംബലെ നേടി. പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നതില്‍ നിര്‍ണായക പ്രകടനം കാഴ്ചവെക്കാനും ഡെംബലെക്കായി. ചരിത്രത്തില്‍ ആദ്യമായാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായത്. ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും പിഎസ്ജി സ്വന്തമാക്കിയിരുന്നു.
മികച്ച വനിത താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണയുടെ സ്പാനിഷ് താരം ഐറ്റാന ബോന്‍മാറ്റി സ്വന്തമാക്കി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഐറ്റാന ബാലണ്‍ദ്യോറില്‍ മുത്തമിടുന്നത്. ലാമിന്‍ യമാല്‍ മികച്ച പുരുഷ യുവ താരമായി. വിക്കി ലോപസാണ് മികച്ച വനിത യുവ താരം.
മികച്ച കോച്ചിനുള്ള യൊഹാന്‍ ക്രൈഫ് ട്രോഫി പുരസ്‌ക്കാരം പുരുഷ ഫുട്ബാളില്‍ പി എസ് ജി പരിശീലകന്‍ ലൂയിസ് എന്‍ റിക്വയും വനിതാ ഫുട്‌ബോളില്‍ ഇംഗ്ലണ്ട് പരിശീലക സറീന വിഗ്മാനും നേടി. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി പുരുഷന്മാരില്‍ പി എസ് ജി യുടെ മുന്‍ ഗോള്‍ക്കീപ്പര്‍ ഡോണറുമ്മയും വനിതകളില്‍ ചെല്‍സിയുടെ ഹന ഹാംപ്ടണും നേടി.
ബെസ്റ്റ് സ്ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി പുരുഷന്മാരില്‍ സ്‌പോര്‍ട്ടിങ് എഫ്‌സിയുടെ താരമായിരുന്ന വിക്ടര്‍ യോക്കരസ് വനിതകളില്‍ ബാഴ്സലോണയുടെ ഇവാ പയോറും നേടി. മികച്ച പുരുഷ ക്ലബ്ബായി പി എസ് ജിയെയും മികച്ച വനിതാ ക്ലബായി ആഴ്സണലിനെയും തിരഞ്ഞെടുത്തു.
കഴിഞ്ഞതവണ മികച്ച പുരുഷതാരം സ്പാനിഷ് മധ്യനിരതാരം റോഡ്രിയായിരുന്നു. ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറിലുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നൂറ് മാധ്യമപ്രവര്‍ത്തകര്‍ വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ നിശ്ചയിക്കുന്നത്.
