ഓസ്‌ട്രേലിയന്‍ താരം റയാന്‍ വില്യംസ് ഇനി ഇന്ത്യക്കായി പന്തു തട്ടും

റയാന്‍ വില്യംസിനു ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിച്ചു, റയാന്‍ വില്യംസും അബ്‌നീത് ഭാര്‍തിയും ഇന്ത്യന്‍ കാംപില്‍ ചേരും

Update: 2025-11-06 13:41 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജരായ ഓസ്‌ട്രേലിയന്‍ വിംഗര്‍ റയാന്‍ വില്ല്യംസും നേപ്പാള്‍ പ്രതിരോധ താരം അബ്‌നീത് ഭാര്‍തിയും ഇനി മുതല്‍ ഇന്ത്യക്കായി പന്തു തട്ടും. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്സിയുടെ താരമാണ് റയാന്‍ വില്യംസ്. ഇരുവര്‍ക്കും ബംഗ്ലാദേശിന് എതിരായ ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തിനു മുന്നോടിയായി നവംബര്‍ 15ന് ബെംഗളൂരുവില്‍ നടക്കുന്ന കാംപില്‍ ചേരാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബെംഗളൂരു എഫ്‌സിക്കായി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ് റയാന്‍ വില്ല്യംസ്. താരത്തിന് ആസ്‌ട്രേലിയക്കായി ഒരു മല്‍സരത്തില്‍ മാത്രമേ അവസരം ലഭിച്ചിട്ടുള്ളു. 2023ലാണ് ആസ്‌ട്രേലിയന്‍ ക്ലബായ പെര്‍ത് ക്ലബ്ബു വിട്ട് ബെഗളൂരു എഫ്‌സിയില്‍ ചേരുന്നത്. വില്യംസിന്റെ മാതാവ് ഇന്ത്യന്‍ വംശജയാണ്. താരത്തിന് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റയാന്‍ വില്യംസിനു ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിച്ചു.


അബ്‌നീര്‍ ഭാര്‍തി ചെക്ക് ക്ലബായ എഫ്‌കെ വാണ്‍സ്‌ഡോര്‍ഫില്‍ നിന്ന് ലോണില്‍ ബൊളീവിയന്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ അക്കാഡമിയ ഡെല്‍ ബാലെംപെയ്ക്കായാണ് കളിക്കുന്നത്. താരം അണ്ടര്‍ 16 തലത്തില്‍ ഇന്ത്യക്കായി പന്തു തട്ടിയിട്ടുണ്ട്. താരത്തിന് ഇന്ത്യന്‍ പൗരത്വം ലഭിച്ചിട്ടുണ്ട്. ഇരു താരങ്ങളും ഉടന്‍ തന്നെ ഇന്ത്യന്‍ ക്യാമ്പില്‍ ചേരും. താരങ്ങളുടെ പ്രകടനം തൃപ്തികരമാണെങ്കില്‍ നവംബര്‍ 18ന് ധാക്കയില്‍ നടക്കാന്‍ പോവുന്ന മല്‍സരത്തിനായുള്ള ടീമില്‍ ഉള്‍പ്പെടത്തുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

റയാന്‍ വില്യംസിന്റെ അമ്മയുടെ മുത്തച്ഛനായ ലിങ്കണ്‍ ഗ്രോസ്റ്റേറ്റ് 1950കളില്‍ വെസ്റ്റേണ്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷനുവേണ്ടി കളിച്ചിട്ടുണ്ട്. യുകെയിലും ഓസ്ട്രേലിയയിലുമായിരുന്നു വില്യംസിന്റെ ഫുട്‌ബോള്‍ ജീവിതം. 2016ല്‍ ബാണ്‍സ്ലിയ്ക്കൊപ്പം ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് ട്രോഫി നേടിയത് ഇതില്‍ പ്രധാനമാണ്. 2023ല്‍ ബെംഗളൂരു എഫ്സിയില്‍ എത്തിയ ശേഷം 46 മല്‍സരങ്ങളില്‍ നിന്ന് 13 ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്കൊപ്പം ബെംഗളൂരു എഫ്സിയില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഈ നീക്കം ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു പുതിയ അദ്ധ്യായമാണ്. പിഐഒ/ഒസിഐ കളിക്കാര്‍ക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, വിദേശത്തു ജനിച്ച കളിക്കാര്‍ മറ്റു പാസ്‌പോര്‍ട്ടുകള്‍ ഉപേക്ഷിച്ച് ഇന്ത്യക്കുവേണ്ടി കളിക്കാന്‍ തയ്യാറാകുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന് മുതല്‍ക്കൂട്ടാവും.