ഓള്‍ഡ് ട്രാഫോഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ച് ആഴ്‌സണല്‍ തുടങ്ങി
ഓള്‍ഡ് ട്രാഫോഡ്: പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ സീസണ്‍ തുടങ്ങി ആഴ്‌സണല്‍. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സണലിന്റെ വിജയം. ഇരു ടീമുകളും മികച്ച മല്‍സരമാണ് കാഴ്ച്ചവെച്ചത്. ഓള്‍ഡ്ട്രാഫോഡില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നന്നായി തുടങ്ങിയെങ്കിലും സെറ്റ് പീസ് എന്ന വജ്രായുധത്തിലൂടെ ആഴ്‌സണല്‍ ലീഡ് എടുത്തു. 13ആം മിനിറ്റില്‍ കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കീപ്പര്‍ ബയിന്ദീറിന്റെ പഞ്ച് ഗോള്‍ വലയ്ക്കടുത്ത് തന്നെ നിന്ന കലിയഫൊരു അത് ഹെഡ് ചെയ്ത് വലയില്‍ എത്തിച്ചു.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നിരവധി നല്ല നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും വലയിലെത്തിക്കാനായില്ല. ഡോര്‍ഗുവിന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടിയാണ് പുറത്ത് പോയത്. കുഞ്ഞ്യയുടെ ഒരു ഷോട്ട് റായ മനോഹരമായി സേവ് ചെയ്യുകയും ചെയ്തു. ആദ്യ പകുതിയില്‍ 1-0 എന്ന ലീഡ് ആഴ്‌സണല്‍ നിലനിര്‍ത്തി.രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അമദ് ദിയാലോയെയും പുതിയ സൈനിംഗ് ആയ ഷെസ്‌കോയെയും കളത്തിലിറക്കി അറ്റാക്കിന് മൂര്‍ച്ച കൂട്ടിയെങ്കിലും ആഴ്‌സണല്‍ ഡിഫന്‍സ് ഉറച്ചു നിന്നതോടെ മല്‍സരം ആഴ്‌സണല്‍ സ്വന്തം പേരിലാക്കി.