കേരളത്തിലെത്തുന്ന അര്‍ജന്റീന ടീം പ്രഖ്യാപിച്ചു

അര്‍ജന്റീനയെ വരവേല്‍ക്കാന്‍ 70 കോടിക്ക് കലൂര്‍ സ്റ്റേഡിയം ഒരുങ്ങുന്നു

Update: 2025-10-11 06:18 GMT

കൊച്ചി: നവംബറില്‍ കേരളത്തില്‍ പര്യടനം നടത്തുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും എയ്ഞ്ചല്‍ ഡി മരിയയും എന്‍സോ ഫെര്‍ണാണ്ടസും ഒഴികെ മുഴുവന്‍ അംഗങ്ങളും ടീമിലുണ്ട്. ലയണല്‍ മെസിയാണ് ടീമിനെ നയിക്കുക. ടീമിന്റെ പരിശീലകനായി ലയണല്‍ സ്‌കലോണിയും കൊച്ചിയിലെത്തും.

കേരളത്തില്‍ പന്തുതട്ടാനെത്തുന്ന മെസിക്കും അര്‍ജന്റീന സംഘത്തിനും കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം നവീകരിക്കുന്നു. 70 കോടി ചെലവിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങളെന്ന് മുഖ്യ സ്പോണ്‍സറും റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടറുമായ ആന്റോ അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെത്തുന്ന അര്‍ജന്റീന ടീം

ലയണല്‍ മെസ്സി, എമിലിയാനോ മാര്‍ട്ടിനസ്, അലക്സിസ് മക് അലിസ്റ്റര്‍, റോഡ്രിഗോ ഡിപോള്‍, നിക്കോളസ് ഒറ്റമെന്‍ഡി. ജൂലിയന്‍ അല്‍വാരസ്, ലൗത്താറോ മാര്‍ട്ടിനസ്, ഗോണ്‍സാലോ മോന്‍ടിയല്‍, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാന്‍ ഫോയ്ത്ത്, മാര്‍ക്കസ് അക്യുന, എസക്വല്‍ പലാസിയോസ്, ജിയോവാനി ലൊ സെല്‍സോ, ലിയാന്‍ട്രോ പരെഡെസ്, നിക്കോ ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ക്രിസ്റ്റ്യന്‍ റൊമേറോ, നഹ്വല്‍ മൊളീന. പരിശീലകന്‍-ലയണല്‍ സ്‌കലോണി. അര്‍ജന്റീനക്ക് എതിരാളികളായി ഓസ്ട്രേലിയയാണ് എത്തുക.

മാനദണ്ഡങ്ങള്‍ പാലിച്ച് ഭാവിയില്‍ ഫിഫ മല്‍സരങ്ങള്‍ സംഘടിപ്പിക്കാവുന്ന തരത്തിലാണ് നിര്‍മാണം. പിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. അത്യാധുനിക ലൈറ്റിങ് സംവിധാനമാണ് സജ്ജമാക്കുന്നത്. 50,000 കാണികള്‍ക്ക് മല്‍സരം കാണാനാകുന്ന തരത്തിലാണ് സ്റ്റേഡിയത്തില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. സ്റ്റേഡിയത്തിന്റെ സുരക്ഷ ഉറപ്പാക്കാനും നടപടികള്‍ പുരോഗമിക്കുകയാണ്. സീലിങ് കൂടുതല്‍ ബലപ്പെടുത്തുകയും ചെയ്യും. ടിക്കറ്റ് നിരക്കുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഈ ആഴ്ച പ്രഖ്യാപനമുണ്ടാകും. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് നിലവില്‍ പ്രചരിക്കുന്നത് വ്യാജ വിവരങ്ങളാണെന്നും സ്‌പോണ്‍സര്‍മാര്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ മന്ത്രിമാരായ വി അബ്ദുറഹ്‌മാന്‍, പി രാജീവ്, എം ബി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിന്റെ മേല്‍നോട്ടത്തില്‍ സമിതി രൂപവത്കരിച്ചു. ഡി ജി പി റവാഡ ചന്ദ്രശേഖറിന്റെ മേല്‍നോട്ടത്തിലാണ് സുരക്ഷയൊരുക്കുന്നത്. ജില്ല കലക്ടര്‍ ജി പ്രിയങ്ക നിര്‍മാണ പുരോഗതി വിലയിരുത്തുന്നുണ്ട്.

Tags: