എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് 2; അല്‍ നസറിനോട് പൊരുതിത്തോറ്റ് എഫ്‌സി ഗോവ
ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് അല്‍ നസറിന്റെ ജയം
മഡ്‌ഗോവ: എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് 2വില്‍ സൗദി പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ അല്‍ നസ്‌റിനു ജയം. ഗോവ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ക്ലബ് എഫ്‌സി ഗോവയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് അല്‍ നസ്ര്‍ തോല്‍പ്പിച്ചത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും സൂപ്പര്‍ താരനിരയുമായി തന്നെയാണ് അല്‍ നസര്‍ കളത്തിലിറങ്ങിയത്.
പന്തടക്കത്തിലും പൊസിഷനിലും പാസിങ്ങിലുമെല്ലാം സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് അല്‍ നസറിന്റെ വിജയം. പത്താം മിനിറ്റില്‍ ഏഞ്ചലോ ഗബ്രിയേലും 27ാം മിനിറ്റില്‍ ഹരോനെ കാമറയുമാണ് അല്‍ നസറിനായി ഗോള്‍ നേടിയത്. 41ാം മിനിറ്റില്‍ ബ്രിസണ്‍ ഫെര്‍ണാണ്ടസാണ് ഗോവക്കായി ആശ്വാസഗോള്‍ കണ്ടെത്തിയത്. അല്‍ നസര്‍ ഉയര്‍ത്തിയ ഭീഷണികളെ പ്രതിരോധത്തിന്റെ മിടുക്കിലാണ് ഗോവ ചെറുത്തത്. മല്‍സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കേ ഗോവ താരം ഡേവിഡ് തിമോറിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു.
ബാഴ്‌സലോണയില്‍ നിന്നും ഈ സീസണില്‍ അല്‍ നസറിലേക്ക് ചുവടുമാറിയ ഇനിഗോ മാര്‍ട്ടിനെസ് ആദ്യ ഇലവനില്‍ ഇടംപിടിച്ചു. സാദിയോ മാനെ, ജാവോ ഫെലിക്‌സ് എന്നീ സൂപ്പര്‍ താരങ്ങള്‍ പകരക്കാരായി മൈതാനത്തേക്കിറങ്ങി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് അല്‍ നസര്‍ ഇന്ത്യയിലെത്തിയത്. കളിയുടെ 75 ശതമാനം ബോള്‍ പൊസിഷനും അല്‍ നസര്‍ കൈവശം വെച്ചെങ്കിലും ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്താന്‍ എഫ്‌സി ഗോവയ്ക്ക് സാധിച്ചു.