2026 ഫിഫ ലോകകപ്പ് യോഗ്യത; ക്രൊയേഷ്യ യോഗ്യത നേടി, മോഡ്രിച് അഞ്ചാം ലോകകപ്പിലേക്ക്
നെതര്‍ലന്‍ഡ്‌സ് യോഗ്യതക്കരികെ, ജര്‍മനിക്ക് കടുപ്പം
സാഗ്രെബ്: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യത ഉറപ്പിച്ച് ക്രൊയേഷ്യ. വെള്ളിയാഴ്ച രാത്രി റിജേക്കയില്‍ നടന്ന മല്‍സരത്തില്‍ ഫറോ ദ്വീപുകളെ ഒന്നിനെതിരേ മൂന്നുഗോളിനു പരാജയപ്പെടുത്തിയാണ് യോഗ്യത നേടിയത്. ഒരു കളി ബാക്കിനില്‍ക്കെ ഗ്രൂപ്പ് എല്ലില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ ലോകകപ്പിന് യോഗ്യത നേടുമ്പോള്‍ നായകന്‍ ലൂക്കാ മോഡ്രിച് അഞ്ചാം ലോകകപ്പിലാണ് പന്തുതട്ടാനിറങ്ങുന്നത്. 2018 ലോകകപ്പ് ഫൈനലിസ്റ്റാണ് ക്രൊയേഷ്യ.
ഫറോസിന്റെ ഗെസ ഡേവിഡ് ട്യൂരിയാണ് മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടിയത്. ഈ ഗോളിനു മറുപടി നല്‍കി ക്രൊയേഷ്യ തിരിച്ചുവരവ് നടത്തുകയായിരുന്നു. ക്രൊയേഷ്യക്കു വേണ്ടി ജോസ്‌കോ ഗ്വാര്‍ഡിയോള്‍ സമനില ഗോള്‍ നേടി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ പെറ്റാര്‍ മൂസ, നിക്കോള വ്‌ലാസിച്ച് എന്നിവര്‍ ഓരോ ഗോള്‍ കൂടി നേടി വിജയം ഉറപ്പിച്ചു. ഫറോ ദ്വീപുകളുടെ ലോകകപ്പ് സ്വപ്നം ഇതോടെ അവസാനിച്ചു, അവര്‍ക്കിനി പ്ലേ ഓഫ് സ്ഥാനത്തിനായി മല്‍സരിക്കാനാവില്ല.
2006ലാണ് തന്റെ 20ാം വയസില്‍ മോഡ്രിച് ആദ്യമായി ലോകകപ്പ് കളിച്ചത്. 2014, 2018, 2022 ലോകകപ്പുകള്‍ക്കു പിന്നാലെ ക്രൊയേഷ്യയുമായി വീണ്ടുമൊരു വിശ്വമേളക്കെത്തുമ്പോള്‍ മോഡ്രിചിന് 40 വയസു കടന്നെങ്കിലും, ക്രോട്ട് പടയുമായി അടുത്ത വര്‍ഷം മധ്യനിരയെ തന്റെ തോളിലേറ്റി മോഡ്രിചും അമേരിക്കയിലുണ്ടാവും.