ടി20 ലോകകപ്പില്‍ അട്ടിമറി വിജയവുമായി സിംബാബ് വെ; ഓസ്ട്രേലിയയെ 23 റണ്‍സിന് വീഴ്ത്തി

Update: 2026-02-13 10:47 GMT

കൊളംബോ: ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയെ അട്ടിമറിച്ച് സിംബാബ്വെ. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ 23 റണ്‍സിനാണ് കങ്കാരുപ്പടയെ വീഴ്ത്തി സിംബാബ് വെ ചരിത്രമെഴുതിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍ ബ്രയാന്‍ ബെണ്ണറ്റിന്റെ അര്‍ധ സെഞ്ച്വറിയാണ് സിംബാബ്വെയ്ക്ക് കരുത്തായത്. എന്നാല്‍ ഓസ്‌ട്രേലിയ 19.3 ഓവറില്‍ 146 റണ്‍സിന് ഓള്‍ഔട്ടായി. 19 വര്‍ഷത്തിന് ശേഷമാണ് സിംബാബ് വെ ഓസ്‌ട്രേലിയയെ വീഴ്ത്തുന്നത്. 2007ലെ ലോകകപ്പിലാണ് ഓസ്‌ട്രേലിയയെ അവസാനമായി സിംബാബ് വെ മുട്ടുകുത്തിച്ചത്.

ഓസ്‌ട്രേലിയക്കെതിരായ ചരിത്ര ജയത്തോടെ ഗ്രൂപ്പ് ബിയില്‍ സിംബാബ് വെ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. നാല് പോയിന്റുള്ള ശ്രീലങ്കയാണ് ഒന്നാമത്. മികച്ച നെറ്റ് റണ്‍റേറ്റിന്റെ കരുത്തിലാണ് ശ്രീലങ്ക ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ട് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ.

56 പന്തില്‍ പുറത്താകാതെ 64 റണ്‍സെടുത്ത ബെണ്ണറ്റാണ് സിംബാബ്വെയുടെ ടോപ് സ്‌കോറര്‍. 21 പന്തില്‍ 35 റണ്‍സെടുത്ത് തടിവന്‍ഷെ മറുമാണിയും 30 പന്തില്‍ 35 റണ്‍സെടുത്ത റയാന്‍ ബേളും പുറത്തായി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 13 പന്തില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണിങ്ങില്‍ ബെന്നറ്റും മറുമനിയും ചേര്‍ന്ന് 61 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ അവസാന ഓവറുകളില്‍ സ്‌ട്രൈക്ക്‌റേറ്റ് ഉയര്‍ത്തി കളിച്ചതോടെയാണ് സിംബാബ് വെ സ്‌കോര്‍ 170ന് അടുത്തെത്തിയത്. സിംബാബ്വെക്കു വേണ്ടി ബ്ലെസിങ് മുസറബാനി നാലും ബ്രാഡ് ഇവാന്‍സ് മൂന്നും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഗ്ലെന്‍ മാക്‌സ്വെല്ലും (32 പന്തില്‍ 31) മാറ്റ് റെന്‍ഷോയും (44 പന്തില്‍ 65) ഓസീസിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. താരതമ്യേന കുഞ്ഞന്‍ സ്‌കോര്‍ ആയിരുന്നിട്ടും മറുപടി ബാറ്റിങ്ങിന്റെ ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷയുണര്‍ത്താന്‍ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചില്ല. ഓപ്പണര്‍മാരായ ജോഷ് ഇംഗ്ലിസിനും (8) ക്യാപ്റ്റന്‍ ട്രാവിസ് ഹെഡിനും (17) പിന്നാലെ കാമറൂണ്‍ ഗ്രീനും (0) ടിം ഡേവിഡും (0) കൂടാരം കയറുമ്പോള്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ വെറും 29 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. മാക്‌സ്വെല്ലിനെ റയാന്‍ ബേള്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെ ഓസ്‌ട്രേലിയ വീണ്ടും തകര്‍ന്നു. ഓള്‍റൗണ്ടര്‍മാരായ മാര്‍കസ് സ്റ്റോയ്‌നിസിനും (6) ബെന്‍ ഡ്വാര്‍ഷ്യൂസിനും (6) പിടിച്ചുനില്‍ക്കാനാവാതെ വന്നപ്പോള്‍ ഓസ്‌ട്രേലിയ പരാജയം ഉറപ്പിക്കുകയായിരുന്നു. ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുക്കാതിരുന്ന ട്രാവിസ് ഹെഡ്ഡിന്റെ തീരുമാനത്തിനെതിരേ വലിയ വിമര്‍ശനവും ഇപ്പോള്‍ ഉയരുന്നു.

Tags: