പാക് വ്യോമാക്രമണം; മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു

ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറുന്നതായി അഫ്ഗാന്‍

Update: 2025-10-18 09:31 GMT

കാബൂള്‍: അഫ്ഗാന്‍ പ്രവിശ്യയില്‍ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. കബീര്‍, സിബ്ഗത്തുള്ള, ഹരൂണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് അടുത്ത മാസം പാകിസ്താനും ശ്രീലങ്കയുമായി കളിക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറിയതായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.

ക്രിക്കറ്റ് താരങ്ങളെ കൂടാതെ അഞ്ചുപേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു സൗഹൃദ മല്‍സരത്തില്‍ പങ്കെടുക്കുന്നതിനായി കിഴക്ക് പാക്ടിക പ്രവിശ്യയിലെ ഉര്‍ഗുനില്‍ നിന്ന് ഷരാനയിലേക്ക് സഞ്ചരിക്കവേയാണ് താരങ്ങള്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായാണ് പാകിസ്താനുമായുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറുന്നതെന്നാണ് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം. ആക്രമണത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും എസിബി പങ്കുവെച്ചിട്ടില്ല. പാക് നടപടിയെ അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭീരുത്വമെന്നാണ് വിശേഷിപ്പിച്ചത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ബോര്‍ഡ് അനുശോചനം അറിയിച്ചു.

'അഫ്ഗാനിസ്താനിലെ പാകിസ്താന്റെ വ്യോമാക്രമണത്തില്‍ സാധാരണക്കാരുടെ ജീവന്‍ നഷ്ടമായതില്‍ ഞാന്‍ അതീവ ദുഖിതനാണ്. ലോകവേദികളില്‍ തങ്ങളുടെ രാജ്യത്തെ പ്രതിനിധാനം ചെയ്യണമെന്ന് ആഗ്രഹിച്ച യുവ ക്രിക്കറ്റ് താരങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ജീവന്‍ അപഹരിച്ച ആക്രമണമാണ് നടന്നത്', ആക്രമണത്തെ അപലപിച്ച് അഫ്ഗാന്‍ ടി-20 ടീമിന്റെ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പാകിസ്താന്‍ അഫ്ഗാനെ ലക്ഷ്യമിട്ട് നിരവധി വ്യോമാക്രമണം നടത്തിയെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഉര്‍ഗുനിലെയും ബര്‍മാലിലെയും സാധാരണക്കാര്‍ താമസിക്കുന്ന സ്ഥലമാണ് പാകിസ്താന്‍ ലക്ഷ്യമിട്ടതെന്ന് അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ കരാറിന് ശേഷമാണ് ഈ ആക്രമണം നടന്നത്.

Tags: