അബുദാബി: ഏഷ്യാ കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന മല്‍സരത്തില്‍ ഒമാനെതിരെ 21 റണ്‍സിന് ഇന്ത്യക്ക് ജയം. ഇന്ത്യ ഉയര്‍ത്തിയ 189 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന്‍ ശക്തമായി പൊരുതി വീണു. ആദ്യ രണ്ട് മല്‍സരത്തിലും അനായാസം വിജയിച്ച ഇന്ത്യക്ക് ഒമാന്‍ നേരിയ വെല്ലുവിളി ഉയര്‍ത്തി.
അര്‍ധസെഞ്ച്വറികളുമായി തിളങ്ങിയ ആമിര്‍ കലീമും ഹമ്മാദ് മിര്‍സയുമാണ് ഒമാനുവേണ്ടി തിളങ്ങിയത്. നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 20 ഓവറില്‍ 188 റണ്‍സ് നേടിയത്. 56 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്‌കോര്‍. 45 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്സുമടിച്ചാണ് സഞ്ജു 56 റണ്‍സ് നേടിയത്.
ഇതോടെ ടി20 ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യ. ഒമാനെതിരേയുള്ള മല്‍സരത്തോടെ 250 അന്താരാഷ്ട്ര ട്വന്റി20 മല്‍സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ. 275 മല്‍സരങ്ങളുമായി പാകിസ്താനാണ് ഏറ്റവും കൂടുതല്‍ ട്വന്റി20 മല്‍സരങ്ങള്‍ കളിച്ച ടീം.