ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍. ഔദ്യോഗിക പ്രഖ്യാപനം വന്നു. ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള സഞ്ജു സാംസണ്‍ രവീന്ദ്ര ജഡേജ കൈമാറ്റ കരാര്‍ പൂര്‍ത്തിയായി. സഞ്ജുവിനു പകരം രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനും രാജസ്ഥാന്‍ റോയല്‍സിലെത്തും. ഇതുസംബന്ധിച്ച സ്ഥിരീകരണം ചെന്നൈ സൂപ്പര്‍ കിങ്സ് അവരുടെ സാമൂഹിക മാധ്യമ പേജുകളിലൂടെ അറിയിച്ചു.
സിഎസ്‌കെ ജഴ്സിയണിഞ്ഞ സഞ്ജുവിന്റെ ചിത്രം പങ്കുവെച്ച് 'വണക്കം സഞ്ജു' എന്ന കുറിപ്പോടെയാണ് ടീം താരത്തെ സ്വാഗതം ചെയ്തത്. എം എസ് ധോണിക്കു ശേഷമുള്ള ഒരു കാലഘട്ടത്തിലേക്കുള്ള ഒരുക്കമായാണ് ചെന്നൈ സഞ്ജുവിനെ സ്വന്തമാക്കിയത്. സഞ്ജു സാംസണ്‍ 2021 മുതല്‍ രാജസ്ഥാനെ നയിക്കുന്നുണ്ട്. ആ വര്‍ഷം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ജഡേജയാവട്ടെ, 2012 മുതല്‍ സിഎസ്‌കെയുടെ കൂടെയുണ്ട്. ടീമിന്റെ മൂന്നു കിരീടനേട്ടങ്ങളില്‍ പങ്കാളിയുമാണ്.
ജഡേജയും കറനും ചേരുന്നതോടെ രാജസ്ഥാന് കൂടുതല്‍ നേട്ടം ലഭിക്കുമെന്നാണ് വിലയിരുത്തലുകള്‍. ജഡേജയുടെയും സഞ്ജുവിന്റെയും പ്രതിഫലം തുല്യമാണെങ്കിലും, 2.4 കോടി രൂപയ്ക്കാണ് കറന്‍ റോയല്‍സിലെത്തുന്നത്. കഴിഞ്ഞതവണ 18 കോടി രൂപക്ക് രാജസ്ഥാന്‍ നിലനിര്‍ത്തിയ താരമാണ് സഞ്ജു. സാം കറനെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളാണ് കൈമാറ്റക്കരാറില്‍ വിലങ്ങുതടിയായി നിന്നിരുന്നത്. ഇംഗ്ലീഷ് ഓള്‍റൗണ്ടറെ ഉള്‍ക്കൊള്ളാന്‍ റോയല്‍സിന് വിദേശ താരങ്ങള്‍ക്കുള്ള സ്ലോട്ടുകള്‍ ഇല്ലാതിരുന്നതിനാല്‍, കറന്റെ കരാര്‍ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ഈ നീക്കത്തിന് ഇപ്പോള്‍ ബിസിസിഐ അനുമതി നല്‍കി.
