കാര്യവട്ടത്ത് ഇന്ത്യന്‍ വനിതാ ടീമിന് ജയം
ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് പരമ്പര
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി അന്താരാഷ്ട്ര മല്‍സരത്തിനിറങ്ങിയ ഇന്ത്യന്‍ വനിതാ ടീമിന് ജയം. ശ്രീലങ്കയ്ക്കെതിരേ അഞ്ച് മല്‍സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കേ, ഇന്ത്യ 3-0ന് പരമ്പര സ്വന്തമാക്കി. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ടി20യില്‍ ശ്രീലങ്കയെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ മുന്നിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക, നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിങാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 40 പന്തുകള്‍ ബാക്കി നില്‍ക്കെ എട്ടു വിക്കറ്റിന് ജയിച്ചു. വെറും 42 പന്തില്‍ മൂന്ന് സിക്സറും 11 ഫോറുകളും അടക്കം 79 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷെഫാലിയാണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മല്‍സരത്തിലും ഇന്ത്യയുടെ വിജയശില്പി അര്‍ധ സെഞ്ച്വറി നേടിയ ഷെഫാലിയായിരുന്നു.