ഇന്ത്യക്കെതിരായ മല്‍സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനം; പാകിസ്താന് മുന്നറിയിപ്പുമായി ഐസിസി

Update: 2026-02-02 05:42 GMT

ദുബായ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കെതിരായ മല്‍സരം കളിക്കില്ലെന്ന പാകിസ്താന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി). തീരുമാനത്തില്‍ പ്രത്യാഘാതം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരിടേണ്ടി വരുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കി. മതിയായ കാരണങ്ങള്‍ ഇല്ലാതെ മല്‍സരം ബഹിഷ്‌കരിച്ച പാകിസ്താനെ ലോകക്രിക്കറ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതടക്കം ആലോചനയിലുണ്ട്. നിര്‍ണായക തീരുമാനം നാളെയോ മറ്റന്നാളോ ചേരുന്ന ഐസിസി ബോര്‍ഡ് യോഗത്തില്‍ എടുക്കും.

ലോകകപ്പില്‍നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാകിസ്താന്‍ ഇന്ത്യയുമായുള്ള ഗ്രൂപ്പ് ഘട്ട മല്‍സരം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്. ഫെബ്രുവരി 15ന് ഗ്രൂപ്പ് എ മല്‍സരത്തില്‍ ശ്രീലങ്കയിലെ കൊളംബോയിലാണ് ഇന്ത്യ-പാകിസ്താന്‍ മല്‍സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ടൂര്‍ണമെന്റില്‍ കളിക്കുന്നതിനായി പാകിസ്താന്‍ സര്‍ക്കാരിന്റെ അനുമതിക്കായി ടീം കാത്തിരിക്കുകയായിരുന്നു. ലോകകപ്പില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഇന്ത്യക്കെതിരേ മല്‍സരത്തിന് പാകിസ്താന്‍ ഇല്ലെന്ന് പാകിസ്താന്‍ ഭരണകൂടം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഇത്തരത്തിലൊരു തീരുമാനവുമായി പൊരുത്തപ്പെടാന്‍ പ്രയാസമാണെന്ന് ഐസിസി അറിയിച്ചു. തീരുമാനം സംബന്ധിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഐസിസി വ്യക്തമാക്കി. ലോകകപ്പ് വിജയകരമായി നടപ്പാക്കുക എന്നതാണ് ഐസിസിയുടെ മുന്‍ഗണന, ഇത് പിസിബി ഉള്‍പ്പെടേയുള്ള എല്ലാ അംഗങ്ങളുടേയും ഉത്തരവാദിത്വമായിരിക്കണം. എല്ലാ പങ്കാളികളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന, പരസ്പരം അംഗീകരിക്കാവുന്ന ഒരു പരിഹാരം കണ്ടെത്താന്‍ പിസിബി ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐസിസി പ്രസ്താവനയില്‍ അറിയിച്ചു.

Tags: