എം.എം ലോറന്‍സിന്റെ കൊച്ചുമകന്‍ ബിജെപി വേദിയില്‍: ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

Update: 2018-10-30 13:31 GMT


കോഴിക്കോട്: തിരുവനന്തപുരത്ത് ഡിജിപി ഓഫിസിനു മുന്നില്‍ നടന്ന ബിജെപിയുടെ ഏകദിന ഉപവാസ സമരത്തില്‍ സിപിഎം മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സിന്റെ മകനെ പങ്കെടുപ്പിച്ചതില്‍ ബിജെപിയെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ. കൊച്ചു കുട്ടികളെ മിഠായി നല്‍കി ശബരിമല സമര വേദിയിലെത്തിക്കുകയാണ് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെന്ന് ട്രോളന്‍മാര്‍ പരിഹസിച്ചു. ട്രോള്‍ സംഘ്, ഐ.സി.യു തുടങ്ങി ഗ്രൂപ്പുകളിലാണ് ബിജെപിയെ പരിഹസിച്ച് ട്രോളുകള്‍ ഹിറ്റാകുന്നത്. ട്രോള്‍ സംഘ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഒരു ട്രോള്‍ ഇങ്ങനെ: 'നീ എന്തിനാടാ ആ ചാണകങ്ങളുടെ കൂടെ പോയത്?. എന്ന കൂട്ടുകാരന്റെ ചോദ്യത്തിന് 'എനിക്ക് രണ്ട് കിന്റര്‍ ജോയിയും ഒരു ഫലൂഡയും വാങ്ങിത്തരാമെന്ന് പിള്ളേച്ചന്‍ പറഞ്ഞു'. എന്നായിരുന്നു രണ്ടാമന്റെ മറുപടി. ഇത്തരത്തില്‍ നൂറുകണക്കിന് ട്രോളുകളാണ് ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്.


ബി.ജെ.പിയുടെ ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എം.ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ ലോറന്‍സ് ഇമ്മാനുവേല്‍ ആണ് പങ്കെടുത്തത്. ലോറന്‍സിന്റെ മകളാണ് കുട്ടിയെ അയച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിളള പറഞ്ഞു.
അതേസമയം, തന്റെ കൊച്ചുമകന്‍ പങ്കെടുത്തത് മോശമായിപ്പോയെന്ന് സിപിഎം മുതിര്‍ന്ന നേതാവ് എം.എം ലോറന്‍സ്. തന്റെ നിയന്ത്രണത്തിലല്ല കൊച്ചുമകനുളളതെന്ന് ലോറന്‍സ് പറഞ്ഞു. 'ദുഃഖമൊന്നും ഇല്ല. പക്ഷെ മോശമായിപ്പോയി. മകന്‍ പോയാലും മകള്‍ പോയാലും അത് മോശമാണ്.' ലോറന്‍സ് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിളളയുടെ നേതൃത്വത്തിലാണ് സമരം. ഒ.രാജഗോപാല്‍ എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു.