സ്‌നേഹപര്‍ശം പരിപാടിക്ക് തിരൂരില്‍ പ്രൗഢോജ്ജ്വല തുടക്കം

Update: 2018-09-14 14:48 GMT

തിരൂര്‍: മുഖ്യമന്ത്രിയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനസമാഹരണത്തിനായി തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിന്റെ സര്‍ഗാത്മക സംരംഭമായ സ്‌നേഹസ്പര്‍ശം പരിപാടിക്ക് തിരൂരില്‍ പ്രൗഢോജ്ജ്വല തുടക്കം. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളുടെയും നിര്‍മിച്ച കരകൗശല വസ്തുക്കളുടേയും രണ്ടുദിവസത്തെ പ്രദര്‍ശനവും വില്‍പന മഹാമേളയുമാണ് തിരൂര്‍ ടൗണ്‍ ഹാളില്‍ ഒരുക്കിയിട്ടുള്ളത്. നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരുമാണ് രചനകളുമായി തിരൂര്‍ ടൗണ്‍ഹാള്‍ അങ്കണത്തില്‍ അണിനിരന്നത്. ചിത്രങ്ങളും കരകൗശലവസ്തുക്കളും വിറ്റുകിട്ടുന്ന തുക പ്രളയ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു നല്‍കുന്ന ജില്ലയിലെ തന്നെ പ്രഥമ പരിപാടിയായിരുന്നു ഇത്. പരിപാടി ഉദ്ഘാടനം ചെയ്ത തിരൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ബാവഹാജി ഈ സംരംഭം കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിനൊന്നടങ്കം മാതൃകയാണെന്നഭിപ്രായപ്പെട്ടു. സര്‍ഗാത്മ കഴിവുകള്‍ കേരളത്തിന്റെ നവനിര്‍മിതിക്കായി ഉപയോഗപ്പെടുത്താന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. വിദ്യാര്‍ഥികള്‍ സൃഷ്ടിച്ച ഈ പുതിയ മാതൃക ഭാവികേരളത്തിന് വഴികാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹപര്‍ശം പരിപാടിയില്‍ ആദ്യ ചിത്രം മുനിസിപ്പല്‍ ചെയര്‍മാന്‍ ബാവഹാജിയില്‍നിന്നും എസ്ബിഐ തിരൂര്‍ എന്‍ആര്‍ഐ ബ്രാഞ്ച് മാനേജര്‍ സോണിമഹാപാത്ര ഏറ്റുവാങ്ങി. പി എ റഷീദ് അധ്യക്ഷതവഹിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബാദുഷ, തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ പി ഒ റഹ്മത്തുല്ല, മുനിസിപ്പല്‍ കൗണ്‍സിലര്‍ ചെറാട്ടയില്‍ കുഞ്ഞീതു, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജെയ്‌മോന്‍ മലേക്കുടി, കാര്‍ട്ടൂണിസ്റ്റ് കരുണാകരന്‍ പേരാമ്പ്ര, വൈസ് പ്രിന്‍സിപ്പാള്‍ മധുസൂദനന്‍,കൈനിക്കര അബ്ദുല്‍ഖാദര്‍, കെ അബ്ദുല്‍ ജലീല്‍, ഹമീദ് കൈനിക്കര സംസാരിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബാദുഷ, സ്‌പോട്ട് കാരിക്കേച്ചറുകള്‍ വരച്ചുകൊണ്ട് പണം ശേഖരിച്ചും ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന വര്‍ധിപ്പിച്ചു. സ്‌നേഹപര്‍ശം പരിപാടി ഇന്നു വൈകീട്ട് സമാപിക്കും. ടൗണ്‍ ഹാളിലൊരുക്കിയിരിക്കുന്ന പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് എത്തിയത്. ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേയ്ക്കു നല്‍കി.

Similar News