ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ കുളത്തില്‍ വീണ് 6 പേര്‍ മരിച്ചു

Update: 2018-09-22 13:33 GMT


ഗുവാഹതി: അസമിലെ നഗോന്‍ ജില്ലയില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ കുളത്തില്‍ വീണ് ആറു പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ അന്വേഷണത്തിന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉത്തരവിട്ടു. വൈദ്യുതി വിതരണ കമ്പനിയുടെ അലംഭാവമാണ് അപകടത്തിനു കാരണമായതെന്ന് ആരോപിച്ച് നാട്ടുകാര്‍ കമ്പനി ജീവനക്കാരിലൊരാളുടെ വീട് ആക്രമിച്ചു.

കുളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ അഞ്ചുമണിയോടെ കമ്പി വീണുകിടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വൈദ്യുതി അധികൃതരെ വിവരമറിയിച്ചിരുന്നു. വൈദ്യുതി പ്രവഹിക്കുന്നില്ല എന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ പിന്നീട് എട്ടുമണിയോടെ ലൈന്‍ ചാര്‍ജ് ചെയ്തു. ഈ സമയം കുളത്തിലുണ്ടായിരുന്നവര്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ നവഗണിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരെ ഗുരുതരമായ അവസ്ഥയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സബ് ഡിവിഷണല്‍ ഒാഫിസറെയും മറ്റു മൂന്നുപേരെയും സസ്‌പെന്റ് ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ സുരക്ഷാ സേനയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Similar News