ശബരിമല വിധിക്കെതിരെ അടിയന്തിരമായി കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണം: ശിവസേന

Update: 2018-10-16 10:25 GMT


-ബിജെപി കേരള ഘടകം രാഷ്ട്രീയ നാടകം കളിക്കുന്നു

-യുവതികളെ തടയാന്‍ വനിതാ പ്രവര്‍ത്തകര്‍ പമ്പയിലെത്തും

തൃശൂര്‍: ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധിക്കെതിരെ അടിയന്തിരമായി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ശിവസേന. വിധി വന്നപ്പോള്‍ ആദ്യം സ്വാഗതം ചെയ്ത ബിജെപി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമിക്കാതെ ജനങ്ങളെ തമ്മിലടിപ്പിച്ച് പ്രഹസന രാഷ്ട്രീയ നാടകം കളിക്കാനാണ് ശ്രമിക്കുന്നത്. കമ്മ്യൂനിസ്റ്റുകാര്‍ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ബിജെപി ആവശ്യപ്പെടുന്നത് രാഷ്ട്രീയ ലാക്കോടേ മാത്രമാണ്. ബിജെപിയുടെ ശ്രമം ആത്മാര്‍ഥതയോടെയെങ്കില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചൊലുത്തി അവരെക്കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കിക്കുകയാണ് വേണ്ടത്. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ കേന്ദ്രമന്ത്രിയും എംപിമാരും ബിജെപി കേരള നേതൃത്വവും അതിന് സമ്മര്‍ദ്ദം ചൊലുത്തുകയാണ് വേണ്ടത്. ഹിന്ദുത്വവാദം ഉയര്‍ത്തി അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ പ്രതിനിധിയായ അറ്റോര്‍ണി ജനറല്‍ ശബരിമല വിഷയം സുപ്രീം കോടതി പരിഗണിച്ചപ്പോള്‍ മൗനം പാലിച്ചത് സംശയാസ്പദമാണ്. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുമെന്നുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കണം.
ശബരിമല ആചാരലംഘനം ഒഴിവാക്കാനായി ശിവസേന പ്രവര്‍ത്തകര്‍ സന്നിധാനത്ത് പ്രതിരോധം തീര്‍ക്കും. യുവതികള്‍ പമ്പക്കപ്പുറം പ്രവേശിക്കുന്നത് തടയാന്‍ വനിതാ പ്രവര്‍ത്തകര്‍ പമ്പയില്‍ തമ്പടിക്കും. ഇന്നുമുതല്‍ പ്രവര്‍ത്തകര്‍ പമ്പയിലേക്ക് നീങ്ങും. ഇതിനായി എല്ലാ ജില്ലകളില്‍ നിന്നുമായി പതിനായിരത്തോളം പ്രവര്‍ത്തകര്‍ മാലിയിട്ട് മല ചവിട്ടും. ശബരിമല വിഷയത്തില്‍ പ്രക്ഷോഭത്തിലുള്ള ഭക്തര്‍ക്ക് പിന്തുണ നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അനില്‍ ദാമോദര്‍, ജില്ലാ പ്രസിഡന്റ് വിപിന്‍ദാസ് കടങ്ങോട്ട്, ജില്ലാ ജനറല്‍ സെക്രട്ടറി മധു കാരിക്കോടന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി സതീഷ് വാരിക്കോട്ട് പങ്കെടുത്തു.