കന്യാസ്ത്രീ സൂസണ്‍ മാത്യുവിന്റെ സംസ്‌കാരം ഇന്ന്

Update: 2018-09-11 05:27 GMT
കൊല്ലം: മൗണ്ട് താബോര്‍ ദയറയിലെ കന്യാസ്ത്രീ സൂസണ്‍ മാത്യുവിന്റെ സംസ്‌കാരം ഇന്ന്.മൗണ്ട് താബോര്‍ കോണ്‍വെന്റില്‍ തന്നെയാണ് സംസ്‌കാര ചടങ്ങുകള്‍. അതേസമയം, കന്യാസ്ത്രീയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പൂര്‍ത്തിയായ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പ്രകാരമാണ് ഈ നിഗമനത്തിലെത്തിയത്.


ഇടതുകൈയിലുണ്ടായിരുന്ന ആഴത്തിലുള്ള മുറിവിലൂടെ രക്തം വാര്‍ന്നുപോയതും വെള്ളം ഉള്ളില്‍ ചെന്നതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനമെന്ന് കൊട്ടാരക്കര റൂറല്‍ എസ്പി പറഞ്ഞു. അന്നനാളത്തില്‍ നിന്ന് നാഫ്തലിന്‍ ഗുളികകളും കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. കൈയില്‍ മുറിവുണ്ടാക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ബ്ലേഡ് മുറിയില്‍ നിന്ന് പോലിസ് കണ്ടെടുത്തു. ഞായറാഴ്ചയാണ് പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ സി ഇ സൂസമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡോ. ശശികലയുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.
ദൃശ്യങ്ങള്‍ പോലിസ് പകര്‍ത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ വിശദമായ പരിശോധനയ്ക്കായി അയക്കും. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഉച്ചയോടെ മൗണ്ട് താബോര്‍ ദയറയുടെ സെമിത്തേരിയില്‍ സംസ്‌കരിക്കും. അതേസമയം, അന്വേഷണ സംഘം ഇന്നലെയും മഠത്തിലെ കന്യാസ്ത്രീകളുടെയും ജീവനക്കാരുടെയും മൊഴികള്‍ രേഖപ്പെടുത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും മരണത്തിലെ അസ്വാഭാവികത സംബന്ധിച്ച് കൂടുതല്‍ അന്വേഷിക്കാനാണ് പോലിസ് തീരുമാനം.