ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലെത്തിക്കും; വ്യാഴാഴ്ച നോട്ടിസ്

Update: 2018-09-11 14:48 GMT


ജലന്തര്‍: ലൈംഗിക പീഡനക്കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. ഏറ്റുമാനൂരില്‍ എത്തിച്ച് ചോദ്യം ചെയ്യാനാണ് നീക്കം. നേരിട്ടു ഹാജരാകുന്നതിന് ബിഷപ്പിന് വ്യാഴാഴ്ച്ച പൊലിസ് നോട്ടിസ് അയയ്ക്കും. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് നോട്ടിസെന്നാണ് വിവരം. ബുധനാഴ്ച കൊച്ചിയില്‍ ചേരുന്ന പൊലീസ് ഉന്നതതലയോഗം ഈ വിഷയത്തില്‍ നിര്‍ണായകമാകും. ഐജിയുടെ നിര്‍ദേശം അനുസരിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് കൊച്ചിയില്‍ യോഗം ചേരാനും ബിഷപ്പിന് നോട്ടീസ് അയയ്ക്കാനും തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ അവലോകന യോഗത്തിനു ശേഷം ബിഷപ്പിന്റെ മൊഴികളിലെ വൈരുധ്യം ഐജി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചതായും ബിഷപ്പിനെതിരായി ശക്തമായ തെളിവുകള്‍ ലഭിച്ചതായും എസ്പി വ്യക്തമാക്കിയിരുന്നു. ഏറ്റുമാനൂരിലെ ഹൈടെക് സെല്ലില്‍ വെച്ചായിരിക്കും ബിഷപ്പിനെ ചോദ്യംചെയ്യുകയെന്നാണ് സൂചന. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളത്ത് സമരം ശക്തമാക്കിയിരുന്നു.
അതേസമയം, തനിക്കെതിരായ പരാതിക്കു പിന്നിലെ ലക്ഷ്യം ബ്ലാക്‌മെയിലിങ്ങാണെന്ന വാദവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രംഗത്തെത്തി. കന്യാസ്ത്രീകളുടെ സമരം സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുക ലക്ഷ്യമാക്കിയാണെന്നും ബിഷപ് ആരോപിച്ചു. പൊലീസുമായി സഹകരിക്കും. തനിക്കെതിരെയല്ല സഭയ്‌ക്കെതിരെയാണു ഗൂഢാലോചന. സഭയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ കന്യാസ്ത്രീകളെ ഇതിന് ഉപയോഗിക്കുകയായിരുന്നെന്നും ബിഷപ്പ് പറഞ്ഞു.
ഇതിനിടെ ലൈംഗികപീഡന പരാതി നേരിടുന്ന ജലന്തര്‍ ബിഷപ്പിനെ സഭ സംരക്ഷിക്കുന്നുവെന്നു കാണിച്ച് ഇരയായ കന്യാസ്ത്രീ വത്തിക്കാന് കത്തയച്ചു. സ്ത്രീകളോടു സഭാ നേതൃത്വം ചിറ്റമ്മനയമാണു കാട്ടുന്നത്. സഭാസ്വത്തുക്കള്‍ ഉപയോഗിച്ച് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്നു നീക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധിക്കയച്ച കത്തില്‍ കന്യാസ്ത്രീ ആവശ്യപ്പെട്ടു.

Similar News