ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ വിവരശേഖരം പുറത്തിറക്കി

Update: 2018-09-21 15:50 GMT


ന്യൂഡല്‍ഹി: രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ വിവരശേഖരം പുറത്തിറക്കി. 2005മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട 4.4 ലക്ഷത്തിലധികം പേരുടെ വിവരങ്ങളാണ് രജിസ്ട്രറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരുടെ പേര്, വിലാസം, ഫോട്ടോ എന്നിവയ്ക്കു പുറമേ വിരലടയാളം അടക്കമുള്ള വിവരങ്ങളും ഈ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലൈംഗിക കുറ്റവാളികളുടെ ദേശീയ വിവര ശേഖരം (എന്‍ഡിഎസ്ഓ) പുറത്തിറക്കിയതോടെ ഇത്തരത്തിലുള്ള ഡാറ്റാബേസ് തയ്യാറാക്കുന്ന ഒമ്പതാമത്തെ രാജ്യമായി ഇന്ത്യ മാറി. 2012ലെ ഡല്‍ഹി നിര്‍ഭയ കൂട്ടബലാല്‍സംഗത്തിന്റെ പശ്ചാത്തലത്തില്‍ അന്നത്തെ യുപിഎ സര്‍ക്കാരാണ് കുറ്റവാളികളുടെ രജിസ്ട്രര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. ദേശീയ ക്രൈം റെകോഡ്‌സ് ബ്യൂറോക്കു കീഴിലാണ് ഈ വിവരങ്ങള്‍ സൂക്ഷിക്കുക. സംസ്ഥാന പോലിസ് സേനകള്‍ ഈ വിവരങ്ങള്‍ പുതുക്കുന്നുണ്ടോ എന്ന കാര്യവും ക്രൈം റെകോഡ്‌സ് ബ്യൂറോ പരിശോധിക്കും. ബലാല്‍സംഗം, കൂട്ടബലാല്‍സംഗം അടക്കമുള്ള വകുപ്പുകളില്‍ ശിക്ഷിക്കപ്പെട്ടവരും പോക്‌സോ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവരും പട്ടികയിലുള്‍പ്പെടും.

Similar News