റായ്പൂര്‍: ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് നക്സലുകളെ വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് നക്സലുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഗുമിയബേഡ ഗ്രാമത്തില്‍ ഉച്ചയ്ക്ക് 2.30 ഓടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന് നാരായണ്‍പൂര്‍ എസ്പി ജിതേന്ദ്ര ശുക്ല പറഞ്ഞു.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് നക്സലുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും പിന്നീടു കണ്ടെത്തി. കാട്ടില്‍ തിരച്ചില്‍ തുടരുകയാണ്. അതേസമയം നക്സലുകള്‍ തട്ടിക്കൊണ്ടുപോയ രണ്ടുപേരുടെ മൃതദേഹങ്ങള്‍ മഹാരാഷ്ട്രയിലെ ഗച്ചിറോളി ജില്ലയില്‍ നിന്നു കണ്ടെത്തിയതായും പോലിസ് അറിയിച്ചു. ഛത്തീസ്ഗഡിലെ ബന്ദേ ഗ്രാമത്തില്‍ നിന്ന് ഓഗസ്റ്റ് 26ന് തട്ടിക്കൊണ്ടുപോയ സോന പാദ(35), സോംജി പാദ(40) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.