മാണിക്കും പി.സി ജോര്‍ജ്ജിനും ജനപ്രതിനിധികളായി തുടരാന്‍ അര്‍ഹതയില്ല: എസ്.ഡി.പി.ഐ

Update: 2018-10-02 16:35 GMT


തിരുവനന്തപുരം : ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിച്ച കെ.എം.മാണിയും പരാതിക്കാരിയായ കന്യാസ്ത്രീയെ അപഹസിച്ച പി.സി ജോര്‍ജ്ജും നീതി നിര്‍വഹണത്തെ വെല്ലുവിളിക്കുകയാണെന്നും പീഢിതരോടൊപ്പം നില്‍ക്കാനുള്ള നീതിബോധം നഷ്ടപ്പെട്ട ഇവര്‍ക്ക് ജനപ്രതിനിധികളായി തുടരാന്‍ അര്‍ഹതയില്ലെന്നും എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് പ്രസ്താവിച്ചു. മതമേലധ്യക്ഷന്മാരുടെ സ്വാധീനത്തിന് വഴങ്ങി സ്ത്രീകള്‍ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരെയുള്ള അതിക്രമങ്ങളെ വെള്ള പൂശുന്നത് അക്ഷന്തവ്യമായ അപരാധമാണ്. മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ജലന്ധര്‍ ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംശയത്തിന്റെ ചെറിയൊരു സുഷിരമുണ്ടായിരുന്നെങ്കില്‍ ഫ്രാങ്കോ ബിഷപ്പ് അതിലൂടെ രക്ഷപ്പെടുമായിരുന്നു.
അക്രമവും അനീതിയും പീഢനവും ആരുടെ ഭാഗത്ത് നിന്നുണ്ടായാലും തുറന്നെതിര്‍ക്കാനും ഇരകളുടെ പക്ഷത്ത് ഉറച്ച് നില്‍ക്കാനും ജനപ്രതിനിധികള്‍ക്ക് സാധിക്കണം.
ഭീഷണികള്‍ക്കും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ക്കും വഴങ്ങാത്ത പരാതിക്കാരിയോടും അവര്‍ക്ക് വേണ്ടി തെരുവില്‍ നിരാഹാരം കിടന്ന കന്യാസ്ത്രീകളോടുമാണ് രാഷ്ട്രീയ നേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത്. കെ.എം മാണിയുടെയും പി.സി ജോര്‍ജിന്റെയും നടപടി എം.എല്‍.എ പദവിയുടെ മാന്യത നഷ്ടപ്പെടുത്തിയെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു.

Similar News