കലോല്‍സവത്തില്‍ പങ്കെടുക്കുവാന്‍ വ്യാജരേഖ : ക്രിമിനല്‍ കേസെടുക്കാന്‍ ഉപലോകായുക്തയുടെ ഉത്തരവ്

Update: 2018-09-06 10:55 GMT


തിരുവനന്തപുരം : വ്യാജരേഖകള്‍ നിര്‍മ്മിച്ച് കലോല്‍സവത്തില്‍ പങ്കെടുക്കുവാന്‍ ഉത്തരവ് സമ്പാദിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷിക്കാന്‍ ഉപലോകായുക്ത ജസ്റ്റീസ് എ.കെ ബഷീര്‍ ഉത്തരവിട്ടു .
2017 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ഒരു വ്യക്തി തന്റെ മകള്‍ ഉള്‍പ്പടെ 7 പേര്‍ക്ക് വേണ്ടി ലോകായുക്ത ഡിവിഷന്‍ ബെഞ്ച് മുന്‍പാകെ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു . മലപ്പുറം ജില്ലാ കലോലസവത്തില്‍ അഴിമതി നടന്നു എന്നും തന്റെ മകളുടെ ടീമിന് സംസ്ഥാന കലോല്‌സവത്തിന്‍ പങ്കെടുക്കാന്‍ അവസരം നല്കണമെന്നും ആവശ്യപ്പെട്ടായിരിന്നു കേസ് ഫയല്‍ ചെയ്ത് . ജില്ലയില്‍ 5 ാം സ്ഥാനം മാത്രം ലഭിച്ച ടീമിന്റെ ഈ കേസ് ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിക്കാതെ തള്ളുകയാണ് ഉണ്ടായത് . ഇതെ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല . ഇതിനെ തുടര്‍ന്ന് ഇയാള്‍ വ്യാജരേഖ ചമച്ച് ടീമിന് രണ്ടാം സ്ഥാനം ആണ് ലഭിച്ചത് എന്ന് കാണിച്ച് സിംഗിള്‍ ബെഞ്ചിന്റെ മുന്‍പാകെ മറ്റൊരു കേസ് ഫയല്‍ ചെയ്തു . ലോകായുക്ത ഡിവിഷന്‍ ബെഞ്ചും ഹൈകോടതിയും തള്ളിയതാണ് എന്നുള്ള വിവരം മറച്ച് വെച്ച് ഫയല്‍ ചെയ്ത കേസില്‍ ഉപലോകായുക്ത അന്വഷണം പ്രഖ്യാപിക്കുകയും ഒരു ഇടക്കാല ഉത്തരവിലൂടെ ടീമിനെ സംസ്ഥാന കലോല്‌സവത്തില്‍ പങ്കെടുപ്പിക്കുവാന്‍ നിര്‍ദേശം നല്കുകയും ചെയ്തു . കോടതിയെ കബളിപ്പിച്ചാണ് കക്ഷി ഉത്തരവ് നേടിയത് എന്ന് ശ്രദ്ധയില്‍പെട്ടപ്പോള്‍ , ഇതിനെ കുറിച്ച് അന്വഷിക്കുവാന്‍ സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ നിയോഗിക്കുവാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഉപലോകായുക്ത നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് പാലക്കാട് സി.ബി സി.ഐ ഡി, എസ്.പി ശ്രീ സി. ബാസ്റ്റിന്‍ സാബുവിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ രുപീകരിക്കുകയും അവര്‍ അന്വഷണം ആരംഭിക്കുകയും ചെയ്തു. . ബന്ധപ്പെട്ട പലരെയും ചോദ്യം ചെയ്യുകയും അന്വഷണം നടത്തുകയും ചെയ്ത ശേഷം പരാതിക്കാരനായ രക്ഷിതാവിനെതിരെയും, മൈം അദ്ധ്യാപകരായ ശ്രീജിത്ത് , അദം ഷാ എന്നിവര്‍ക്കെതിരെയും IPC 120 ആ, 196 , 465 , 466 , 468, 471, 417, 34 എന്നീ സെക്ഷനുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ച ഉപലോകായുക്ത കാലവിളംബം കൂടാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുവാനും അന്വേഷണം നടത്തി ബന്ധപ്പെട്ട ക്രിമിനല്‍ കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുവാനും ഉത്തരവിട്ടു .