ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിക്ക് വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നിഷേധിച്ചു

Update: 2018-10-19 16:14 GMT


ഡെറാഡൂണ്‍: പീഡനത്തിനിരയായി എന്ന കാരണത്താല്‍ 16 വയസ്സുകാരിക്ക് ഡെറാഡൂണിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം പ്രവേശനം നിഷേധിച്ചതായി വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍. വിദ്യാലയത്തിന്റെ അംഗത്വം റദ്ദു ചെയ്യാന്‍ പെണ്‍കുട്ടിയുടെ വക്കീല്‍ അരുണ നേഗി ചൗഹാന്‍ സിബിഎസ്ഇയോട് ആവശ്യപ്പെട്ടു.

മറ്റൊരു സ്‌കൂളില്‍ വച്ച് കഴിഞ്ഞമാസം കൂട്ടബലാല്‍സംഗത്തിന് ഇരയായത് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിനിക്കു പ്രവേശനം നിഷേധിച്ചത്. വിദ്യാലയത്തിനെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് അരുണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനും വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെക്കും കത്തയച്ചു. 'വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ പ്രവേശനത്തിനായി വിവിധ വിദ്യാലയങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍, പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കാതെ എല്ലാവരും ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. പ്രസ്തുത വിദ്യാലയം, കുട്ടി ബലാല്‍സംഗത്തിന് ഇരയായതിനാല്‍ പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു'- അരുണ പറഞ്ഞു. പീഡനത്തിനിരയായ വിദ്യാര്‍ഥിനിയുടെ പേരുവിവരങ്ങള്‍ പുറത്തുവന്നത് അന്വേഷിക്കാന്‍ അരുണ പോലിസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

Similar News