മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് ചോദ്യം ചെയ്ത് സമസ്ത സുപ്രീംകോടതിയില്‍

Update: 2018-09-25 10:50 GMT

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സ് ചോദ്യംചെയ്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രീംകോടതിയില്‍. മുത്തലാഖ് ചൊല്ലിയാല്‍ വിവാഹമോചനം നടക്കില്ലെന്ന സുപ്രീംകോടതി വിധിയുള്ളപ്പോള്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതില്‍ എന്താണ് അര്‍ഥമുള്ളതെന്ന് സമസ്ത ഹരജിയില്‍ ചോദിക്കുന്നു. നേരത്തെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ പറയുന്നത് മുത്തലാഖ് ചൊല്ലിയാല്‍ വിവാഹമോചനം നടക്കില്ലെന്നാണ്. അങ്ങനെയെങ്കില്‍ മുത്തലാഖ് ചൊല്ലുന്നത് നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന സാങ്കേതിക പ്രശ്‌നമായെ കാണാനാവൂ. മറ്റ് മതങ്ങളില്‍ വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങള്‍ പാലിക്കാത്തത് ക്രിമിനല്‍ കുറ്റമായി കാണുന്നില്ല. അതുകൊണ്ടുതന്നെ ഇസ്്‌ലാം മതത്തിലും അങ്ങനെ വേണമെന്നാണ് സമസ്തയുടെ ആവശ്യം. മുത്തലാഖ് ചൊല്ലുന്നവരെ കുറ്റവാളികളായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ക്രിമിനല്‍ കുറ്റമാകുമ്പോള്‍ ജയിലിലടയ്‌ക്കേണ്ടിവരും. ജീവനാംശം കൊടുക്കുന്നതിനെ ഉള്‍പ്പെടെ ഇത് ബാധിക്കുമെന്നും സമസ്ത ഹരജിയില്‍ പറയുന്നു.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഈ സാഹചര്യത്തിലാണ് സമസ്ത കോടതിയില്‍ ഹരജി നല്‍കിയത്.