സാലറി ചലഞ്ച്: മക്കള്‍ ചോദിക്കുമെന്ന് മുഖ്യമന്ത്രി

Update: 2018-09-25 16:00 GMT


ന്യൂഡല്‍ഹി: പ്രളയദുരിതാശ്വാസത്തിനായി ശമ്പളം കൊടുക്കാതിരുന്നാല്‍ പിന്നീട് മക്കള്‍ ചോദിക്കുമ്പോള്‍ എന്തു പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാധ്യമ സൃഷ്ടിയല്ലേ എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ ചോദിച്ചു.
ആരെയും ശമ്പളം നല്‍കുന്നതിനായി സര്‍ക്കാര്‍ നിര്‍ബന്ധിക്കില്ല. എന്നാല്‍, എല്ലാവരും തന്നെ സന്നദ്ധത പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ആരെങ്കിലും ശമ്പളം കൊടുക്കാതിരുന്നാല്‍ പ്രളയ കാലത്ത് കേരളത്തിനെന്ത് നല്‍കി എന്ന് അവരുടെ മക്കള്‍ ഭാവിയില്‍ ചോദിച്ചാല്‍ എന്തുത്തരം നല്‍കും?- മുഖ്യമന്ത്രി ചോദിച്ചു. സാലറി ചലഞ്ചിനെപ്പറ്റി മുഖ്യമന്ത്രി സംസ്ഥാനത്ത് ഇല്ലാതിരുന്നപ്പോള്‍ ഉണ്ടായ വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ചിരിയോടെയായിരുന്നു പ്രതികരണം. വിവാദങ്ങളൊന്നുമില്ല അതൊക്കെ അതിന്റെ വഴിക്കു നടന്നോളും എന്നും മുഖ്യമന്ത്രി പറഞ്ഞു.