ശബരിമല സ്ത്രീ പ്രവേശനം തടയല്‍; ബിജെപി അധ്യക്ഷന്‍, തന്ത്രി തുടങ്ങിയവര്‍ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി

Update: 2018-10-24 12:39 GMT

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനം തടഞ്ഞതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, ശബരിമല തന്ത്രി കണ്ഠരര് രാജീവര് തുടങ്ങിയവര്‍ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി. ക്ഷേത്രത്തില്‍ എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കാനുളള സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സമ്മതിക്കാതെ പ്രതിഷേധിച്ചതിനെതിരേ മലയാളികളായ രണ്ട് സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിളള, പത്തനംതിട്ട ജില്ല ബിജെപി അധ്യക്ഷന്‍ അഡ്വ. കെ.ജി.മുരളീധരന്‍ ഉണ്ണിത്താന്‍, സിനിമ താരം കൊല്ലം തുളസി എന്നിവരെ പ്രതികളാക്കി തിരുവനന്തപുരം സ്വദേശിനിയായ വനിത അഭിഭാഷക ഗീതയാണ് ഹര്‍ജി നല്‍കിയത്. ശബരിമല വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്ക് എതിരെ ഇവര്‍ ഇരുവരും പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ ആരോപിക്കുന്നു. ശ്രീധരന്‍ പിളളയുടെ നേതൃത്വത്തില്‍ ആയിരത്തിലേറെ പേര്‍ നിലയ്ക്കലിലും സമീപ പ്രദേശങ്ങളിലും സംഘടിച്ച് പ്രതിഷേധിച്ചതായും പൊതുമുതല്‍ നശിപ്പിച്ചതായും പരാതിയില്‍ കുറ്റപ്പെടുത്തി.
ശബരിമല തന്ത്രി കണ്ഠരര് രാജീവരര്, പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ട്രസ്റ്റിന്റെ ചെയര്‍മാന്‍ രാമവര്‍മ്മ രാജ എന്നിവരെയാണ് എ.വി.വര്‍ഷ എന്ന മലയാളി സ്ത്രീ നല്‍കിയ ഹര്‍ജിയില്‍ പ്രതിയാക്കിയിരിക്കുന്നത്.
ശബരിമലയിലേക്ക് എത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന കൊല്ലം തുളസിയുടെ പ്രസ്താവന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതിനായി സ്ത്രീകള്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി തേടിയിട്ടുണ്ട്. 1971 ലെ കോടതിയലക്ഷ്യ ചട്ടത്തിലെ സെക്ഷന്‍ 2(ര) വകുപ്പ് പരാമര്‍ശിച്ചാണ് ഹര്‍ജി.

Similar News