വിഴിഞ്ഞത്ത് അഭയം തേടിയെത്തിയ റോഹിന്‍ഗ്യന്‍ കുടുംബത്തെ തിരിച്ചയച്ചു

Update: 2018-10-05 04:57 GMT
തിരുവനന്തപുരം: തൊഴിലും താമസവും തേടി വിഴിഞ്ഞത്ത് അഭയം തേടിയ അഞ്ചംഗ റോഹിന്‍ഗ്യന്‍ കുടുംബത്തെ പോലിസ് തിരിച്ചയച്ചു.ഹൈദരാബാദിലെ അഭയാര്‍ഥി ക്യാംപിലേക്കാണ് ഇവരെ അയച്ചത്. പോലിസ് സംരക്ഷണത്തിലാണ് രണ്ട് കുട്ടികളും സ്ത്രീയും അടങ്ങിയ കുടുംബത്തേയാണ് തിരിച്ചയച്ചിരിക്കുന്നത്. ഹൈദരാബാദില്‍ നിന്നുളള ട്രെയിനിലാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. ഇവരെ ഇന്റലിജന്‍സ് വിഭാഗം ചോദ്യം ചെയ്തിരുന്നു.



അയൂബ് (36), സഫിയ കാത്തൂര്‍(29), സഫിയാദ് (ആറ് മാസം), ഇര്‍ഷാദ് (27), അന്‍വര്‍ ഷാ (11) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുളളത്. സഫിയ അയൂബിന്റെ ഭാര്യയും, സഫിയാദ് ഇവരുടെ കുഞ്ഞുമാണ്. ഇര്‍ഷാദ് അയൂബിന്റെയും അന്‍വര്‍ ഷാ സഫിയയുടെയും സഹോദരങ്ങളാണ്.വിഴിഞ്ഞം ഹാര്‍ബറിലെ മുസ്്‌ലിം പളളിയിലാണ് ഇവര്‍ വന്നത്. അവിടെയുളളവരോട് തങ്ങള്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളാണെന്നും ജോലിയോ താമസമോ ലഭിക്കുമോയെന്ന് ഇവര്‍ ചോദിച്ചു. ഇതോടെ പളളി അധികൃതര്‍ പോലിസിനോട് വിവരം പറയുകയായിരുന്നു.ഡല്‍ഹിയിലെ ക്യാപിലായിരുന്നു ഇവര്‍ ആദ്യം. പിന്നീട് ഇവിടെ നിന്നും ട്രെയിന്‍ മാര്‍ഗം ഹൈദരാബാദിലേക്ക് കടന്നു. ജോലി ലഭിക്കുമെന്നും താമസിക്കാന്‍ ഇടം ലഭിക്കുമെന്നും അറിഞ്ഞാണ് ഇവര്‍ കേരളത്തിലേക്ക് വന്നത്. ഡല്‍ഹിയിലെ ക്യാംപില്‍ നിന്ന് ജോലിയും താമസവും തേടിയാണ് ഇവര്‍ ട്രെയിനില്‍ ഹൈദരാബാദിലേക്ക് ചെന്നത്. എന്നാല്‍ ഇവിടെ ജോലി ശരിയാകാതെ വന്നതിനാലാണ് വിഴിഞ്ഞം ലക്ഷ്യമാക്കി ട്രെയിന്‍ കയറിയത്. മ്യാന്‍മാറിലെ മ്യാവ് സ്വദേശികളാണ് അഞ്ച് പേരും. ഇവരുടെ കൈവശം ഐക്യരാഷ്ട്ര സഭ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകളുണ്ട്.

Similar News