വീണ്ടും തോല്‍വി; ഈ റയലിനിതെന്തുപറ്റി

Update: 2018-10-07 11:09 GMT

അലാവസ്: മല്‍സരം അവസാനിക്കാന്‍ ഒരു നിമിഷം മാത്രം ബാക്കി, ലാലിഗയില്‍ റയല്‍ മാഡ്രിഡും അലാവസും ഗോള്‍ രഹിതമായി നില്‍ക്കുന്നു, എന്നാല്‍ ഈ സമയം മനു ഗാര്‍ഷ്യ അലാവസിനായി ഗോള്‍ നേടിയതോടെ ലാലിഗയില്‍ വീണ്ടും പരാജയാവസനത്തോടെ ബൂട്ടഴിച്ച് റയല്‍ താരങ്ങള്‍. ലാലിഗയില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് റയല്‍ മാഡ്രിഡ് വിജയക്കൊടി നാട്ടാതെ മല്‍സരം പിരിയുന്നത്. ഇതില്‍ രണ്ടെണ്ണത്തിലും പരാജയം മാത്രം. സൂപ്പര്‍ താരം റോണോ റയല്‍ വിട്ടതിന്‌റെ നഷ്ടം ടീം അനുഭവിച്ചു തീര്‍ക്കുകയാണ്. അലാവസിനെതിരായ മല്‍സരം ജയിച്ചിരുന്നെങ്കില്‍ ബാഴ്‌സലോണയെ പരാജയപ്പെടുത്തി റയലിന് ലാലിഗയിലെ ഒന്നാം സ്ഥാനം തനിച്ച് അലങ്കരിക്കാമായിരുന്നു.
തുടര്‍ പരാജയത്തില്‍ നിന്ന് മുക്തമാവാന്‍ വേണ്ടി ബെന്‍സേമ, ബെയ്ല്‍, സ്പാനിഷ് താരം ഡാനിയല്‍ കബല്ലോസ് എന്നീ താരങ്ങളെ മുന്നില്‍ നിര്‍ത്തി കോച്ച് ലോപെറ്റഗുയി റയലിനെ 4-3-3 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ സമാന ശൈലിയിലാണ് അലാവസും ബൂട്ട് കെട്ടിയത്. പന്തടക്കത്തിലും ഗോള്‍ ശ്രമത്തിലും റയല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും എതിര്‍ ടീം പ്രതിരോധവും ഗോളിയും റയലിന്റെ ഗോള്‍മോഹത്തിന് വില്ലനാവുകയായിരുന്നു. വല ലക്ഷ്യമായി പാഞ്ഞ ആറ് ഷോട്ടും തട്ടിയകറ്റിയ അലാവസ് ഗോളി പാച്ചക്കോയാണ് അലാവസിന്റെ റിയല്‍ ഹീറോ.
ആദ്യ പകുതിയില്‍ ബെന്‍സേമയും ബെയിലും ചേര്‍ന്ന മുന്നേറ്റ നിര അലാവസ് ഗോള്‍ പോസ്റ്റില്‍ നിരന്തരം ഇരച്ചു കയറിയെങ്കിലും അസാമാന്യ പ്രതിരോധ തന്ത്രം പുറത്തെടുത്ത അലാവസിന് മുന്നില്‍ ഇതൊന്നും വിലപ്പോയില്ല. രണ്ടാം പകുതിയിലും ഇത് തുടര്‍ന്നതോടെ റയല്‍ കോച്ച് ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തി. ബെന്‍സേമയെ വലിച്ച് മാരിയാനോയെയും കാസമിറോയെ ബെഞ്ചിലിരുത്തി അസന്‍സിയോയെയും ബെയിലിനെ പുറത്തിരുത്തി ജൂനിയര്‍ വിനിഷ്യസിനെയും കളത്തില്‍ ഇറക്കിയെങ്കിലും നിരാശയായിരുന്നു ഫലം. ഇരു ടീമും ഗോള്‍രഹിതമായി ബൂട്ടഴിക്കുമെന്ന് തോന്നിച്ചെങ്കിലും മല്‍സരത്തിലെ 95ാം മിനിറ്റില്‍ റയലിന് പ്രതികൂലമായെത്തിയ കോര്‍ണര്‍ കിക്കാണ് വീണ്ടും അവരെ പരാജയത്തിലേക്ക് തള്ളിവിട്ടത്. അലാവസിന്റെ കോര്‍ണര്‍ പ്രതിരോധിക്കുന്നതില്‍ റയല്‍ പരാജയപ്പെടുകയായിരുന്നു.

Similar News