ബാലികാസദനത്തില്‍ ആദിവാസി പെണ്‍കുട്ടികള്‍ക്കു പീഡനം: നടത്തിപ്പുകാരനെതിരേ പോക്‌സോ നിയമപ്രകാരം കേസ്

Update: 2018-10-06 16:44 GMT


തൃശൂര്‍: പെണ്‍കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന ബാലികാസദനത്തില്‍ അട്ടപ്പാടി സ്വദേശികളായ ആദിവാസി പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗിക പീഡനം. പരാതിയെ തുടര്‍ന്ന് സദനം നടത്തിപ്പുകാരനായ പള്ളിപ്പുറം സ്വദേശി രമേശന്‍ (40) എന്നയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം ചേര്‍പ്പ് പോലിസ് കേസെടുത്തു. ചേര്‍പ്പ് പോലിസ്‌സ്‌റ്റേഷന്‍ പരിധിയിലെ പാറളം പഞ്ചായത്തിലെ പള്ളിപ്പുറത്തു പ്രവര്‍ത്തിക്കുന്ന ബാലികാസദനത്തില്‍ മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം നടന്നതായാണു പരാതി. തൊട്ടടുത്ത പഞ്ചായത്തായ ചാഴൂരിലെ എയ്ഡഡ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ ക്ലാസില്‍ വരാത്തതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. സ്‌കൂളധികൃതര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. 10ാം ക്ലാസിലും അതിനു താഴെയും പഠിക്കുന്ന 16 ആദിവാസി പെണ്‍കുട്ടികളാണ് ഇവിടത്തെ അന്തേവാസികള്‍. അട്ടപ്പാടി പുതൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഊരുകളില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് ബാലികാസദനത്തില്‍ താമസിച്ചു പഠിച്ചിരുന്നത്. ബാലികാസദനത്തിനു സംഘപരിവാര ബന്ധമുണ്ടെന്നാണ് അറിവായത്.
സംഭവത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന പീഡനത്തിനിരയായ കുട്ടികളും മറ്റു കുട്ടികളും അട്ടപ്പാടിയിലെ തങ്ങളുടെ ഊരുകളിലേക്കു മടങ്ങി. ഇനി സ്‌കൂളിലേക്കില്ലെന്നാണു കുട്ടികളുടെ നിലപാട്. പോക്‌സോ പ്രകാരമുള്ള കേസായതിനാല്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പിയാണ് അന്വേഷണം നടത്തുന്നത്. അട്ടപ്പാടിയിലെ ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെന്റ് പ്രൊജക്റ്റ് അധികൃതരും നിയമനടപടിക്ക് ഒരുങ്ങുന്നുണ്ട്.
ഇത്തരം സ്ഥാപനങ്ങളിലേക്ക് ആദിവാസിമേഖലയില്‍ നിന്നു കുട്ടികളെ എത്തിച്ചുകൊടുക്കുന്നതിന് ഇടനിലക്കാരുടെ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. പീഡനത്തിനിരയായ കുട്ടികളെയടക്കം ബാലികാസദനത്തിലേെക്കത്തിച്ച ഇടനിലക്കാരായ രണ്ടു സ്ത്രീകള്‍ക്കെതിരേയും ഐടിഡിപി അധികൃതര്‍ നടപടിയെടുക്കും. അതേസമയം, ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ചവര്‍ക്കെതിരേ പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമപ്രകാരവും കേസെടുക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

Similar News