ശബരിമലയിലെ സ്ത്രീ പ്രവേശനം: കോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്ന് രമേശ് ചെന്നിത്തല

Update: 2018-09-28 14:39 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ സ്ത്രീ പ്രവേശനം ഒരിക്കലും വിലക്കിയിട്ടില്ല. ചില ആചാരങ്ങളുടെ പേരിലുള്ള നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്. നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് എല്ലാ ദേവാലയങ്ങളും പ്രവര്‍ത്തിക്കേണ്ടത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അടിസ്ഥാനത്തിലാണ് എന്നുള്ള കാര്യം കൂടി ഗൗരവത്തോടെ കാണണം. വിധിപ്പകര്‍പ്പ് പൂര്‍ണമായും ലഭിച്ചശേഷം അത് പഠിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവേശനം വേണ്ട എന്ന നിലപാടായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നത്. ഇപ്പോഴത്തെ ഇടതു മുന്നണി സര്‍ക്കാരിന് കീഴിലുള്ള ദേവസ്വം ബോര്‍ഡിന്റെ നിലപാടും ഇതുതന്നെ ആയിരുന്നു. എന്നാല്‍ അതേ ഇടതു മുന്നണിയുടെ സര്‍ക്കാരിന്റെ നിലപാട് നേരെ വിരുദ്ധമാണ്. പൊതുജനത്തെ കബളിപ്പിക്കുന്നതിനുള്ള ഭരണമുന്നണിയുടെ ഈ ഇരട്ട നിലപാട് കേസില്‍ പ്രശ്‌നമായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Similar News