റൊട്ടിക്കു പകരം പുട്ട്- ആയുര്‍വേദ ആശുപത്രികളിലെ കിടപ്പ് രോഗികള്‍ക്ക് പുതിയ ഭക്ഷണക്രമം

Update: 2018-09-18 11:13 GMT


തിരുവനന്തപുരം : ഭാരതീയ ചികിത്സാ വിഭാഗത്തിന് കീഴിലുള്ള സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികളിലെ കിടപ്പ് രോഗികളുടെ ഭക്ഷണക്രമം പരിഷ്‌കരിക്കുന്നു. റൊട്ടിക്കു പകരം പുട്ട്, ചെറുപയര്‍ കറി, ഗോതമ്പ്, റവ, ഉപ്പുമാവ്, ഓട്ട്‌സ് എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ 150 ഗ്രാം വീതം ഉള്‍പ്പെടുത്തിയാണ് പുതിയ ഭക്ഷണക്രമം. ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഭക്ഷണ നിയന്ത്രണം ആയുര്‍വേദ ചികിത്സയുടെ ഭാഗമായതിനാലാണ് രോഗികളുടെ ഭക്ഷണക്രമത്തില്‍ ഇത്തരത്തില്‍ മാറ്റം വരുത്തുന്നത്.
മൈദയടങ്ങിയ റൊട്ടി രോഗികള്‍ക്ക് ഗുണകരമല്ലെന്ന് ആയുര്‍വേദ വകുപ്പിലെ വിദഗ്ധസംഘത്തിന്റെ പഠനത്തില്‍ കണ്ടെത്തിയിരുന്നു.ഇതേത്തുടര്‍ന്ന് റൊട്ടി ഒഴിവാക്കി മറ്റു വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും കാണിച്ച് ഭാരതീയ ചികിത്സാ വകുപ്പ് ദീര്‍ഘകാലമായി ആവശ്യമുന്നയിച്ചു വരികയായിരുന്നു.