ആണവോര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന ആദ്യ അറബ് രാജ്യമാകാന്‍ ഒരുങ്ങി യുഎഇ

രാജ്യത്തെ ആദ്യ ആണവ നിലയത്തിലെ നാലു റിയാക്ടറുകളിലൊന്ന് ഊര്‍ജോത്പാദനത്തിനു സജ്ജമായതായി എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍(എനെക്) അറിയിച്ചു.

Update: 2020-01-29 09:03 GMT

അബുദബി: ആണവോര്‍ജ്ജം ഉല്‍പാദിപ്പിക്കുന്ന ആദ്യ അറബ് രാജ്യമാകാനൊരുങ്ങി യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ). രാജ്യത്തെ ആദ്യ ആണവ നിലയത്തിലെ നാലു റിയാക്ടറുകളിലൊന്ന് ഊര്‍ജോത്പാദനത്തിനു സജ്ജമായതായി എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍(എനെക്) അറിയിച്ചു. അബുദബിയില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ ബരാകയില്‍ കടല്‍ത്തീരത്താണു നിലയം സ്ഥാപിച്ചത്.വരും മാസങ്ങളില്‍ ഉല്‍പാദനം ആരംഭിക്കുമെന്നാണു വിവരം.നിലയത്തിലെ ആദ്യ റിയാക്ടര്‍ ഊര്‍ജോത്പാദനത്തിനു സജ്ജമാണെന്നു സ്വതന്ത്ര ഏജന്‍സിയുടെ പരിശോധനയില്‍ വ്യക്തമായതായി നിലയത്തിന്റെ നടത്തിപ്പുകാരും എനെക്കിന്റെ അനുബന്ധ സ്ഥാപനവുമായ നവാ എനര്‍ജി കമ്പനി അറിയിച്ചു. വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂക്ലിയര്‍ ഓപ്പറേറ്റേഴ്‌സിന്റെ അറ്റ്‌ലാന്റ കേന്ദ്രത്തിലെ ആണവ വ്യവസായ വിദഗ്ധരുടെ സംഘം നവംബറില്‍ പ്ലാന്റ് വിലയിരുത്തി. പ്രകടനം, പരിപാലനം, അടിയന്തര തയാറെടുപ്പ് എന്നിവ വിദഗ്ധര്‍ അവലോകനം ചെയ്തു.പ്രവര്‍ത്തനാംഗീകാരം നേടുന്നതിനായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷനുമായി നവാ തുടര്‍ന്നും കൈകോര്‍ത്ത് പ്രവര്‍ത്തിക്കും. അടുത്ത 60 വര്‍ഷത്തേക്ക് യുഎഇയുടെ വളര്‍ച്ചയ്ക്കു ശക്തി പകരാനായി ശുദ്ധവും സുരക്ഷിതവുവുമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നതു ക്രമേണ ആരംഭിക്കുമെന്നും അല്‍ ഹമ്മദി പറഞ്ഞതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും സുരക്ഷിതമായ എപിആര്‍ 1400 വിഭാഗത്തില്‍പെട്ടതാണു ബറാക ആണവ നിലയം. ദക്ഷിണ കൊറിയയുടെ രൂപകല്‍പ്പനയും സാങ്കേതിക വിദ്യയും പ്രകാരമാണു റിയാക്ടറുകള്‍ നിര്‍മിക്കുന്നത്. കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനാണു നിലയത്തിന്റെ നിര്‍മാതാക്കള്‍. 2000 കോടി ഡോളര്‍ മുതല്‍ മുടക്കില്‍ 2013 ലാണു നിലയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ിലയത്തിലെ മറ്റു മൂന്നു റിയാക്ടറുകളുടെ നിര്‍മാണവും ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. നാല് നിലയവും പ്രവര്‍ത്തന ക്ഷമമാകുന്നതോടെ 5.6 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. യുഎഇയുടെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്നാണിത്. ഓരോ റിയാക്ടറും 1.4 ജിഗാവാട്ട് വീതം ഉല്‍പാദിപ്പിക്കും.

നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഭൂചലന സാധ്യതയില്ലാത്ത മേഖലയിലാണു നിര്‍മാണം. 60 വര്‍ഷമാണു നിലയത്തിന്റെ കാലാവധി. പദ്ധതി പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുന്നതോടെ വര്‍ഷം 2.1 കോടി ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാവുമെന്നാണു കണക്കുകൂട്ടല്‍.സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കുന്നതു സംബന്ധിച്ച് യുഎഇ നേരത്തെ അമേരിക്കയുമായി 123 കരാറില്‍ ഒപ്പുവച്ചിരുന്നു. ആണവോര്‍ജ മേഖലയില്‍ സഹകരിക്കാന്‍ അര്‍ജന്റീന, ജപ്പാന്‍, റഷ്യ എന്നീ രാജ്യങ്ങളുമായും യുഎഇ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Tags:    

Similar News