സൗദിയില്‍ ശക്തമായ കാറ്റും പൊടിപടലങ്ങളും; കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി
റിയാദ്: സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും പൊടിപടലങ്ങളോട് കൂടിയ ശക്തമായ കാറ്റ് തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം പ്രകടമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. റിയാദ്, ഖസീം, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി മേഖലകള്‍, അല്‍ജൗഫ് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും പൊടിപടലങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ജിസാന്‍, അസീര്‍, അല്‍ബാഹ, മക്ക, നജ്‌റാന്‍ എന്നീ മേഖലകളുടെ കിഴക്കന്‍ ഭാഗങ്ങളിലും കാറ്റിന്റെ സ്വാധീനം ശക്തമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കാഴ്ചപരിധി ഗണ്യമായി കുറയാന്‍ സാധ്യതയുള്ളതിനാല്‍, വാഹനയാത്രക്കാരും പൊതുജനങ്ങളും ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.