തൊഴില്‍ വിപണി പരിഷ്‌കാരങ്ങള്‍ അനിവാര്യം; തൊഴില്‍ മന്ത്രിയുടെ പ്രസ്താവന ചര്‍ച്ച ചെയ്ത് ശൂറ കൗണ്‍സില്‍

Update: 2026-01-10 09:39 GMT

മസ്‌കത്ത്: തൊഴില്‍ വിപണിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ തൊഴില്‍ മന്ത്രി ഡോ. മഹദ് സഈദ് ബൗവൈന്‍ അവതരിപ്പിച്ച പ്രസ്താവനയില്‍ ശൂറ കൗണ്‍സില്‍ വിശദമായ ചര്‍ച്ച നടത്തി. 2025-26 കാലയളവിലെ മൂന്നാം സമ്മേളനത്തിന്റെ എട്ടാം സിറ്റിങ്ങിന്റെ ഭാഗമായാണ് ചര്‍ച്ച നടന്നത്. തൊഴില്‍ സ്ഥിരത ഉറപ്പാക്കല്‍, തൊഴില്‍പരിശീലന സംവിധാനം ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയില്‍ ഉയര്‍ന്നത്.

തൊഴില്‍ അന്വേഷകരെ ഉള്‍ക്കൊള്ളുന്നതിലും തൊഴില്‍ നഷ്ടത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിലും തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളുടെ ഫലപ്രാപ്തി കൗണ്‍സില്‍ അംഗങ്ങള്‍ വിലയിരുത്തി. തൊഴില്‍ വിപണിയിലെ വേഗത്തിലുള്ള മാറ്റങ്ങള്‍ കണക്കിലെടുത്ത് നിലവിലുള്ള പദ്ധതികള്‍ നവീകരിക്കുകയും കൂടുതല്‍ ശക്തിപ്പെടുത്തുകയും വേണമെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള ഇടപെടലുകള്‍ ദീര്‍ഘകാല സാമ്പത്തിക-സാമൂഹിക നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായകമാകുമെന്നും ചൂണ്ടിക്കാട്ടി.

തൊഴില്‍ വിപണിയിലെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് പകരം തന്ത്രപ്രധാന മുന്‍കരുതല്‍ നയങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത കൗണ്‍സില്‍ ഊന്നിപ്പറഞ്ഞു. സാമ്പത്തികവും സാങ്കേതികവുമായ മാറ്റങ്ങള്‍ കണക്കിലെടുത്ത്, പ്രത്യേകിച്ച് സ്വകാര്യ മേഖലയിലൂടെ പൗരന്മാര്‍ക്ക് സ്ഥിരതയുള്ള തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുന്ന നയങ്ങളാണ് ആവശ്യമെന്ന് അംഗങ്ങള്‍ വ്യക്തമാക്കി. സ്വകാര്യ മേഖലയിലാണ് തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കേണ്ടതെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കും കുറഞ്ഞ വരുമാനമുള്ളവര്‍ക്കും മുന്‍ഗണന നല്‍കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. തൊഴില്‍ വെല്ലുവിളികള്‍ നേരിടുന്നതിനായി വൊക്കേഷണല്‍ ട്രെയിനിങ് മേഖല കൂടുതല്‍ സജീവമാക്കേണ്ടതുണ്ടെന്നും, സാങ്കേതികവും കൈത്തൊഴില്‍ മേഖലയുമായുള്ള തൊഴില്‍ ആവശ്യങ്ങള്‍ക്കനുസരിച്ച് പരിശീലനം നേടുന്നവരുടെ എണ്ണം ഇപ്പോഴും അപര്യാപ്തമാണെന്നും കൗണ്‍സില്‍ നിരീക്ഷിച്ചു.

തൊഴില്‍ മന്ത്രാലയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അനുബന്ധ ഏജന്‍സികള്‍ എന്നിവ തമ്മിലുള്ള സഹകരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും, വിപണി ആവശ്യകതകള്‍ക്കനുസരിച്ച് പഠനവിഭാഗങ്ങളും അക്കാദമിക് പ്രോഗ്രാമുകളും പുതുക്കുന്നതിനുള്ള വ്യക്തമായ സംവിധാനങ്ങള്‍ രൂപപ്പെടുത്തണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ഭാവിയിലെ തൊഴില്‍ സാധ്യതകള്‍ കണക്കാക്കി പുതിയ തലമുറയെ അതിന് ഒരുക്കുന്നതില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ പങ്ക് നിര്‍ണായകമാണെന്നും കൗണ്‍സില്‍ വിലയിരുത്തി. ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ ഖാലിദ് ഹിലാല്‍ അല്‍ മവാലി സമ്മേളന നടപടികള്‍ക്ക് അധ്യക്ഷത വഹിച്ചു.

Tags: