യുഎഇയില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ചില ഭാഗങ്ങളില്‍ പൊടിക്കാറ്റ് മുന്നറിയിപ്പ്

Update: 2026-04-11 07:40 GMT

ദുബയ്: ഇന്ന് യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥ ഇടയ്ക്കിടെ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. താപനില പൊതുവേ ചൂടേറിയ നിലയില്‍ തുടരുമെങ്കിലും ചില പ്രദേശങ്ങളില്‍ ചെറിയ തോതില്‍ കുറവ് രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. ദുബയില്‍ കുറഞ്ഞ താപനില 23 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നത് 31 ഡിഗ്രി സെല്‍ഷ്യസ് വരെയും എത്തുമെന്നാണ് പ്രവചനം. അബൂദബിയില്‍ 22 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. രാജ്യത്തെ ചില ഉള്‍പ്രദേശങ്ങളില്‍ പരമാവധി 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനിടയുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

വടക്കുകിഴക്കന്‍ മുതല്‍ തെക്കുകിഴക്കന്‍ ദിശകളില്‍ നിന്നും മണിക്കൂറില്‍ 15 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. ചില സമയങ്ങളില്‍ കാറ്റിന്റെ വേഗം 40 കിലോമീറ്റര്‍ വരെ ഉയരാനിടയുള്ളതിനാല്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ കടല്‍ ചില സമയങ്ങളില്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികളും യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ ശ്രദ്ധിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അറിയിച്ചു.

Tags: