ഒരുലക്ഷം തൊഴിലാളികളെ ലക്ഷ്യംവച്ച് ദുബയ് തൊഴില്‍കാര്യ സ്ഥിരംസമിതിയുടെ ജലവിതരണ യജ്ഞം

ഇതിനകം 15,000 ലധികം തണുത്ത ബോട്ടില്‍ വെള്ളവും,ശീതള പാനീയങ്ങളും വിതരണം ചെയ്തുവെന്ന് ദുബായ് പെര്‍മനന്റ് കമ്മിറ്റി ഓഫ് ലേബേഴ്‌സ് അഫയേഴ്‌സിന്റെ ജനറല്‍ കോഡിനേറ്റര്‍ അബ്ദുള്ള ലഷ്‌കരി അറിയിച്ചു

Update: 2022-08-03 08:13 GMT

ദുബയ്: രാജ്യത്ത് നിലവിലുള്ള ഉച്ചവിശ്രമ നിയമത്തിന്റെ പാശ്ചാത്തലത്തില്‍ ദുബയ് തൊഴില്‍ കാര്യസ്ഥിരം സമിതി തൊഴിലിടങ്ങളില്‍ ജല വിതരണ യജ്ഞത്തിന് തുടക്കം കുറിച്ചു.100,000 തൊഴിലാളികളെ ലക്ഷ്യവച്ചുള്ളതാണ് സംരംഭം.

ഇതിനകം 15,000 ലധികം തണുത്ത ബോട്ടില്‍ വെള്ളവും,ശീതള പാനീയങ്ങളും വിതരണം ചെയ്തുവെന്ന് ദുബായ് പെര്‍മനന്റ് കമ്മിറ്റി ഓഫ് ലേബേഴ്‌സ് അഫയേഴ്‌സിന്റെ ജനറല്‍ കോഡിനേറ്റര്‍ അബ്ദുള്ള ലഷ്‌കരി അറിയിച്ചു.അതിനിടയില്‍ ദുബയിലെ തൊഴിലിടങ്ങള്‍ ഉച്ചവിശ്രമ നിയമം പൂര്‍ണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ സ്ഥിരമായി തൊഴില്‍ സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.

കഠിനമായ ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടി ഉച്ചയ്ക്ക് 12:30 മുതല്‍ 3:00 മണിവരെ അവര്‍ക്ക് നിര്‍ബന്ധിത ഉച്ചവിശ്രമം അനുവദിക്കുന്നതാണ് ഉച്ചവിശ്രമ നിയമം.ഈ സമയത്തു തൊഴിലാളികളെ വെയിലത്ത് പണിയെടുപ്പിക്കാന്‍ പാടില്ല.നിയമം ലംഘിക്കുന്നവര്‍ക്ക് വലിയ രീതിയിലുള്ള പിഴ ലഭിക്കും.ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ഉച്ചവിശ്രമ നിയമം. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകട സാധ്യതകളില്‍ അവരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് നിയമം നടപ്പിലാക്കുന്നതെന്ന് ദുബായ് തൊഴില്‍ കാര്യ സ്ഥിരം സമിതിയുടെ ചെയര്‍മാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ഫോറിനേഴ്‌സ് ആന്‍ഡ് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വെളിപ്പെടുത്തി.ഇത് 18ാം വര്‍ഷമാണ് യുഎഇ ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്.