2050 ലക്ഷ്യമാക്കി യുഎഇയുടെ ചുവടുവയ്പ്പ്: ഊര്‍ജവും ജലവും സംരക്ഷിക്കാന്‍ ദീര്‍ഘകാല പദ്ധതി

Update: 2026-03-18 10:10 GMT

ദുബയ്: ഭാവിയെ മുന്‍നിര്‍ത്തി ഊര്‍ജവും ജലവും കാര്യക്ഷമമായി ഉപയോഗിക്കുന്നതില്‍ വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് യുഎഇ ദീര്‍ഘകാല പദ്ധതിയുമായി മുന്നോട്ട്. 2050 വരെ വ്യാപിക്കുന്ന ദേശീയ ഊര്‍ജക്ഷമത-ഡിമാന്‍ഡ് മാനേജ്‌മെന്റ് പദ്ധതിയാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.

സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിനും പ്രകൃതി വിഭവങ്ങളുടെ ഉപയോഗം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത ഈ പദ്ധതിയില്‍ 34 പ്രധാന ദേശീയ ഇടപെടലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ നടപ്പാക്കലിന് മേല്‍നോട്ടം വഹിക്കാന്‍ അഞ്ചു സാങ്കേതിക സമിതികളും ഇതിനകം രൂപീകരിച്ചിട്ടുണ്ട്. അതോടൊപ്പം, ഊര്‍ജവും ജലവും സംബന്ധിച്ച ആവശ്യകതകള്‍ ശാസ്ത്രീയമായി നിയന്ത്രിക്കാന്‍ 30 വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക ദേശീയ സംഘവും രംഗത്തുണ്ട്. വിവിധ സര്‍ക്കാര്‍മേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ട ഈ സംഘം പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാനിര്‍ദ്ദേശം നല്‍കും.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ട 16 നിര്‍ണായക പദ്ധതികള്‍ക്ക് വേഗം കൂട്ടാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കെട്ടിട നിര്‍മാണം, ഗതാഗതം, വ്യവസായം, കൃഷി തുടങ്ങി രാജ്യത്തിന്റെ പ്രധാന മേഖലകളിലുടനീളം ഈ പദ്ധതികള്‍ നടപ്പാക്കും. രാജ്യമൊട്ടാകെ ഏകോപിത പ്രവര്‍ത്തനങ്ങളിലൂടെ ഊര്‍ജവും ജലവും കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനൊപ്പം, ദീര്‍ഘകാല സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാങ്കേതിക സംവിധാനങ്ങളും സ്ഥാപനങ്ങളുടെ സഹകരണവും ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags: