ശക്തമായ മഴ മുന്നറിയിപ്പ്; പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം

Update: 2026-03-26 05:38 GMT

ദുബയ്: യുഎഇയിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇന്ന് വൈകുന്നേരത്തോടെ മഴ കൂടുതല്‍ ശക്തമാകാനാണ് സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ കാറ്റിനൊപ്പം പൊടിക്കാറ്റ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ദൃശ്യപരിധി കുറയാനിടയുണ്ട്. ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളില്‍ ആലിപ്പഴ വീഴ്ചയും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. റോഡുകളില്‍ വാഹനങ്ങള്‍ കുറഞ്ഞ വേഗതയില്‍ ഓടിക്കണമെന്നും യാത്രാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളും വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളും ഒഴിവാക്കണം. കടലിലേക്കോ കടല്‍ത്തീരങ്ങളിലേക്കോ പോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിമാനയാത്രക്കാര്‍ അവരുടെ യാത്രാസംബന്ധമായ വിവരങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കണമെന്നും വിമാനത്താവളങ്ങളിലേക്ക് നേരത്തെ എത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: