ശൈഖ് ഫഹദ് യൂസഫ് അല്‍ സബാഹിന് ഐസിഡിഒയുടെ ഇന്റര്‍നാഷണല്‍ കമാന്‍ഡര്‍ മെഡല്‍

Update: 2026-01-23 07:10 GMT

കുവൈത്ത് സിറ്റി: ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന് അന്താരാഷ്ട്ര സിവില്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍ (ഐസിഡിഒ) ഇന്റര്‍നാഷണല്‍ കമാന്‍ഡര്‍ മെഡല്‍ സമ്മാനിച്ചു. ഐസിഡിഒ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമാണിത്. ഐസിഡിഒ സെക്രട്ടറി ജനറല്‍ അര്‍ഗൂജ് കലന്തര്‍ലി മെഡലും പ്രശംസാപത്രവും ശൈഖ് ഫഹദിന് കൈമാറി. സിവില്‍ പ്രൊട്ടക്ഷന്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സുരക്ഷയും സുരക്ഷാ ബോധവത്കരണം പ്രോല്‍സാഹിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിലും പ്രതിസന്ധികളിലും ഫലപ്രദമായ പ്രതികരണം ഉറപ്പാക്കുന്നതിനുമായി ശൈഖ് ഫഹദ് നല്‍കിയ നേതൃത്വവും ഇടപെടലും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് കലന്തര്‍ലി വ്യക്തമാക്കി. സിവില്‍ പ്രൊട്ടക്ഷന്‍, സിവില്‍ ഡിഫന്‍സ് മേഖലകളില്‍ കുവൈത്ത് കൈവരിച്ച അഭിമാനകരമായ നേട്ടങ്ങള്‍ക്കും ഈ ബഹുമതി അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്ത് ഫയര്‍ഫോഴ്‌സിന് ശൈഖ് ഫഹദ് നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയെയും കലന്തര്‍ലി പ്രത്യേകം പ്രശംസിച്ചു.

സിവില്‍ പ്രൊട്ടക്ഷന്‍, സിവില്‍ ഡിഫന്‍സ് മേഖലകളില്‍ സംയുക്ത സഹകരണ സാധ്യതകള്‍ സംബന്ധിച്ച വിഷയങ്ങളിലും ഇരു പക്ഷങ്ങളും ചര്‍ച്ച നടത്തി. ചടങ്ങില്‍ കുവൈത്ത് ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ തലാല്‍ അല്‍ റൂമിയും പങ്കെടുത്തു.

Tags: