അല്‍ഖൂസ് ക്രിയേറ്റീവ് സോണില്‍ ആര്‍ടിഎയുടെ വിപുലമായ അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തിയായി

Update: 2026-01-24 06:39 GMT

ദുബയ്: അല്‍ഖൂസ് ക്രിയേറ്റീവ് സോണില്‍ റോഡ് ഗതാഗത അതോറിറ്റി (ആര്‍ടിഎ) നടപ്പാക്കിയ വിപുലമായ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. കലാകാരന്മാര്‍ക്കും ഡിസൈനര്‍മാര്‍ക്കും സംരംഭകര്‍ക്കുമായി മേഖലയെ ഒരു സമഗ്ര ക്രിയേറ്റീവ് ഹബ്ബായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തതെന്ന് ആര്‍ടിഎ അറിയിച്ചു. കാല്‍നടയായും സൈക്കിളിലും മറ്റു പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രദേശത്ത് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന രീതിയിലാണ് വികസനം നടപ്പാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി അല്‍ മനാറ സ്ട്രീറ്റില്‍ 45 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയുമുള്ള പുതിയ പെഡസ്ട്രിയന്‍-സൈക്കിള്‍ പാലം നിര്‍മിച്ചു. ആറു മീറ്റര്‍ ഉയരത്തിലുള്ള പാലത്തിലേക്ക് 210 മീറ്റര്‍ നീളമുള്ള രണ്ടു റാംപുകള്‍ വഴിയാണ് പ്രവേശനം

മൂന്നു പുതിയ മൊബിലിറ്റി ഹബ്ബുകളും നാലു കിലോമീറ്റര്‍ നീളത്തിലുള്ള നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഓണ്‍പാസീവ് മെട്രോ സ്‌റ്റേഷനും അല്‍ ഖൂസ് ബസ് സ്‌റ്റേഷനും ക്രിയേറ്റീവ് സോണുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതു ഗതാഗതം പ്രോല്‍സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വലിയ സാംസ്‌കാരിക പരിപാടികളുടെ സമയങ്ങളില്‍ ചില റോഡുകള്‍ വാഹന ഗതാഗതത്തിന് അടച്ച് നടപ്പാതകളാക്കി മാറ്റുന്ന 'സൂപ്പര്‍ ബ്ലോക്ക്‌സ്' പദ്ധതി നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. ഇന്നും നാളെയും നടക്കുന്ന അല്‍ ഖൂസ് ആര്‍ട്‌സ് ഫെസ്റ്റിവലില്‍ പദ്ധതി ആദ്യമായി പ്രയോഗിക്കും.

'കുടുംബ വര്‍ഷാചരണം', 'ദുബയ് സോഷ്യല്‍ അജണ്ട 33', ദുബയ് അര്‍ബന്‍ പ്ലാന്‍ 2040 എന്നിവയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതാണ് സൂപ്പര്‍ ബ്ലോക്ക്‌സ് പദ്ധതിയെന്ന് ആര്‍ടിഎ വ്യക്തമാക്കി. 20 മിനിറ്റ് സിറ്റി ആശയം അടിസ്ഥാനമാക്കിയുള്ള ഈ പദ്ധതി പരിസ്ഥിതി സൗഹൃദ ഗതാഗത മാര്‍ഗങ്ങള്‍ പ്രോല്‍സാഹിപ്പിക്കുമെന്നും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ നിക്ഷേപ അവസരങ്ങള്‍ക്കും വഴിയൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. അല്‍ ഖൂസ് ക്രിയേറ്റീവ് സോണിനെ മെട്രോയും ബസ് സ്‌റ്റേഷനുകളും ഉള്‍പ്പെടെയുള്ള പൊതു ഗതാഗത ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതികള്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുമെന്ന് ആര്‍ടിഎ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു.

Tags: