സ്വദേശിവല്‍ക്കരണം കര്‍ശനമാക്കി ഒമാന്‍; പ്രവാസി വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഇരട്ടിയായി
മസ്‌കത്ത്: സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ച് ഒമാന്‍ സര്‍ക്കാര്‍ പ്രവാസി വര്‍ക്ക് പെര്‍മിറ്റ് ചട്ടങ്ങള്‍ പരിഷ്‌കരിച്ചു. പുതുക്കിയ നിയമപ്രകാരം മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഫീസ് ഇരട്ടിയായി ഈടാക്കും. അതേസമയം, സ്വദേശിവല്‍ക്കരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഫീസില്‍ ഇളവും നല്‍കും. പുതിയ ചട്ടക്കൂട് പ്രകാരം സ്വദേശിവല്‍ക്കരണ അനുപാതവും യഥാര്‍ഥ തൊഴില്‍ ആവശ്യകതകളും അടിസ്ഥാനമാക്കി കമ്പനികളെ പച്ച, മഞ്ഞ, ചുവപ്പ് എന്നീ മൂന്നു വിഭാഗങ്ങളാക്കി തരംതിരിച്ചിട്ടുണ്ട്. പച്ച വിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവാസി വര്‍ക്ക് പെര്‍മിറ്റ് ഫീസില്‍ 30 ശതമാനം ഇളവ് ലഭിക്കും. മഞ്ഞയും ചുവപ്പും വിഭാഗങ്ങളിലുള്ള കമ്പനികള്‍ക്ക് ഇരട്ടി ഫീസ് ബാധകമാകും. വര്‍ഗീകരണം വ്യക്തികളുടെ അടിസ്ഥാനത്തിലല്ല, കമ്പനി തലത്തിലാണ് നടപ്പാക്കുന്നത്.
ആവശ്യമായ സ്വദേശിവല്‍ക്കരണ തോത് വീണ്ടെടുത്താല്‍ ഫീസ് കുറവ് സ്വയമേവ ലഭ്യമാകുന്ന രീതിയില്‍ ഇലക്‌ട്രോണിക് ലൈസന്‍സിങ് പ്ലാറ്റ്‌ഫോമുമായി സംവിധാനം ഏകീകരിച്ചിട്ടുണ്ട്. 'റിയാദ' കാര്‍ഡ് കൈവശമുള്ള സംരംഭങ്ങള്‍ക്ക് ഇരട്ടി ഫീസ് പ്രയോഗിക്കുന്നതിന് മുന്‍പ് ചില പെര്‍മിറ്റുകളില്‍ പ്രത്യേക ഇളവുകള്‍ അനുവദിക്കും. പച്ച വിഭാഗത്തിലേക്ക് മാറാന്‍ ഇവര്‍ക്ക് സൗകര്യവുമുണ്ടാകും. ഫീസ് ക്രമീകരണങ്ങള്‍ക്കപ്പുറം, സുസ്ഥിര തൊഴില്‍ വിപണി ചട്ടക്കൂട് രൂപപ്പെടുത്തുക, കുറഞ്ഞ വൈദഗ്ധ്യമുള്ള പ്രവാസി തൊഴിലാളികളോടുള്ള ആശ്രയം കുറയ്ക്കുക, ലൈസന്‍സുള്ളതും യഥാര്‍ഥവുമായ തൊഴില്‍ ശക്തികളുടെ എണ്ണത്തിലെ വ്യത്യാസം നികത്തുക, സ്വകാര്യ മേഖലയിലെ ഒമാനി പൗരന്മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്നിവയാണ് പരിഷ്‌കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. തൊഴില്‍, വേതന സബ്‌സിഡി, ജോലിസ്ഥല യോഗ്യതാ പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട മന്ത്രാലയ പിന്തുണാ പദ്ധതികള്‍ പ്രയോജനപ്പെടുത്തി നിയമാനുസരണം മെച്ചപ്പെടുത്താനും പുതിയ ആനുകൂല്യങ്ങള്‍ നേടാനും അധികൃതര്‍ ബിസിനസ് സ്ഥാപനങ്ങളോട് അഭ്യര്‍ഥിച്ചു.
വര്‍ക്ക് പെര്‍മിറ്റുകളും പ്രൊഫഷണല്‍ പ്രാക്ടീസ് ലൈസന്‍സുകളും സംബന്ധിച്ച ചട്ടഭേദഗതികള്‍ ദേശീയ തൊഴില്‍ നിരക്കുകള്‍ ഉയര്‍ത്തുകയും തൊഴില്‍ വിപണി ഭരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള വിശാല നയങ്ങളുടെ ഭാഗമാണെന്ന് തൊഴില്‍ ഡയറക്ടര്‍ ജനറലും തൊഴില്‍ മന്ത്രാലയ വക്താവുമായ അമ്മാര്‍ ബിന്‍ സലേം അല്‍ സാദി വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ തൊഴില്‍ ആവശ്യകതകളും ഒമാനി പൗരന്മാര്‍ക്ക് മുന്‍ഗണനയും സംയോജിപ്പിച്ച് വിപണിയെ സന്തുലിതമാക്കാനുള്ള തന്ത്രപരമായ നീക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
