ഒമാന്‍ തദ്ദേശീയമായി വികസിപ്പിച്ച കാര്‍ഗോ ഡ്രോണ്‍ പുറത്തിറക്കി

Update: 2026-01-10 07:04 GMT

മസ്‌കത്ത്: ഒമാനില്‍ തദ്ദേശീയമായി സംയോജിപ്പിച്ച ഹെവി-ലിഫ്റ്റ് കാര്‍ഗോ ഡ്രോണ്‍ 'സഹ്‌മ' ഔദ്യോഗികമായി പുറത്തിറക്കി. മിലിട്ടറി ടെക്നോളജിക്കല്‍ കോളജില്‍ സംഘടിപ്പിച്ച 'സ്‌കൈ ബ്രിഡ്ജ്' പരിപാടിയിലാണ് പൂര്‍ണ്ണമായും ഒമാനില്‍ രൂപകല്‍പ്പന ചെയ്ത് സംയോജിപ്പിച്ച ഡ്രോണ്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രിയായ എന്‍ജിനീയര്‍ സെയ്ദ് ഹമൂദ് അല്‍ മാവാലിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.

ഉദ്ഘാടന പ്രദര്‍ശനത്തിന്റെ ഭാഗമായി 100 കിലോഗ്രാം ഭാരമുള്ള മരുന്നുകളും മെഡിക്കല്‍ സാമഗ്രികളും ഡ്രോണിലൂടെ വിജയകരമായി കൈമാറി. മിലിട്ടറി ടെക്നോളജിക്കല്‍ കോളജില്‍ നിന്ന് പുറപ്പെട്ട ഡ്രോണ്‍ ഏകദേശം 100 കിലോമീറ്റര്‍ അകലെയുള്ള അല്‍ ജബല്‍ അല്‍ അഖ്ദര്‍ പ്രദേശങ്ങളിലെത്തിച്ച് സാമഗ്രികള്‍ കൈമാറി. കടുത്ത പര്‍വതപ്രദേശങ്ങളിലൂടെ ഡ്രോണ്‍ സഞ്ചരിച്ചതോടെ, വിദൂരവും ദുഷ്‌കരവുമായ മേഖലകളിലേക്ക് വേഗതയേറിയതും വിശ്വസനീയവുമായ വിതരണ സംവിധാനം ഉറപ്പാക്കാനുള്ള അതിന്റെ ശേഷി പ്രായോഗികമായി തെളിയിച്ചു.

പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത 'സഹ്‌മ' ഡ്രോണിന് പരമാവധി 250 കിലോഗ്രാം പേലോഡ് ശേഷിയുണ്ട്. ഒരുതവണ ചാര്‍ജിങ്ങില്‍ 300 കിലോമീറ്റര്‍വരെ പ്രവര്‍ത്തിക്കാനുള്ള കഴിവും ഡ്രോണിനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ, അടിയന്തര സേവന മേഖലകളില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഡ്രോണ്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ ഈ സംരംഭം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

Tags: