ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഉയരുന്നു; മുന്നറിയിപ്പുമാായി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്
മസ്‌കത്ത്: ഈദുന്‍ ഫിത്വര്‍ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി ഒമാന്‍ സംന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കി. ഒടിപി ഒരിക്കലും മറ്റൊരാളുമായി പങ്കിടരുതെന്ന് അധികൃതര്‍ കര്‍ശനമായി അഭ്യര്‍ഥിച്ചു. നിയമാനുസൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സന്ദേശങ്ങള്‍ എന്ന തരത്തില്‍ വ്യാജ മെസേജുകളോ ഫോണ്‍ കോളുകളോ വഴിയാണ് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ സമീപിക്കുന്നത്. 'നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് 500 ഒമാനി റിയാല്‍ പിന്‍വലിക്കപ്പെട്ടു' എന്നതുപോലുള്ള സന്ദേശങ്ങള്‍ അയച്ച് ഉപഭോക്താക്കളെ വേഗത്തില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുകയാണ് സാധാരണ തട്ടിപ്പ് രീതി.
വ്യാജ ലിങ്കുകള്‍, സോഷ്യല്‍ മീഡിയ ഓഫറുകള്‍, ഫോണ്‍ കോളുകള്‍ എന്നിവ വഴി ഒടിപി കോഡ് നേടാന്‍ ശ്രമിക്കുന്നതാണ് ഇത്തരം തട്ടിപ്പുകളുടെ മുഖ്യ ലക്ഷ്യം. ബാങ്കിങ് ഇടപാടുകള്‍ സ്ഥിരീകരിക്കാന്‍ ഉപയോഗിക്കുന്ന ഈ കോഡ് കൈവശമാകുമ്പോള്‍ തട്ടിപ്പുകാര്‍ക്ക് ഉപഭോക്താവിന്റെ അക്കൗണ്ടിലേക്കുള്ള പ്രവേശനം സാധ്യമാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഒടിപി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ താക്കോല്‍ തന്നെയാണെന്നും ഇത് പങ്കുവയ്ക്കുന്നത് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് അനധികൃത ഇടപാടുകള്‍ നടത്താന്‍ അവസരം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആഘോഷകാലങ്ങളില്‍ ഓണ്‍ലൈന്‍ ഷോപ്പിങ്ങും സാമ്പത്തിക ഇടപാടുകളും വര്‍ധിക്കുന്നതിനാല്‍ ഇത്തരം തട്ടിപ്പുകള്‍ കൂടുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
