'ഇപ്പോള്‍ വാങ്ങൂ, പിന്നീട് പണമടയ്ക്കൂ' സേവനത്തിന് നിയന്ത്രണങ്ങള്‍ ശക്തമാക്കി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്

Update: 2026-02-23 10:38 GMT

മസ്‌കത്ത്: 'ഇപ്പോള്‍ വാങ്ങൂ, പിന്നീട് പണമടയ്ക്കൂ' (ബിഎന്‍പിഎല്‍) സേവനം നിയന്ത്രിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഒമാന്‍ സെന്‍ട്രല്‍ ബാങ്ക്. സേവനം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കായി ലൈസന്‍സിങ് ഉള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളാണ് നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്കിന്റെ ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്കു മാത്രമേ ഈ സേവനം നടത്താനാവൂ. ലൈസന്‍സിങ് ആവശ്യകതകള്‍, മൂലധന പര്യാപ്തതാ മാനദണ്ഡങ്ങള്‍, വെളിപ്പെടുത്തല്‍, സുതാര്യതാ ചട്ടങ്ങള്‍, റിസ്‌ക് മാനേജ്‌മെന്റ് സംവിധാനങ്ങള്‍, ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട ബാധ്യതകള്‍ എന്നിവയെല്ലാം പുതിയ നിയന്ത്രണങ്ങളില്‍ വ്യക്തമായി നിര്‍ദേശിച്ചിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്ക് സാധനങ്ങളോ സേവനങ്ങളോ ഉടന്‍ ലഭ്യമാക്കുകയും പിന്നീട് നിശ്ചിത കാലയളവില്‍ തവണകളായി പണമടയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്ന ആധുനിക ധനകാര്യ മാതൃകയായാണ് ബിഎന്‍പിഎല്‍ സംവിധാനം കണക്കാക്കപ്പെടുന്നത്. സേവനത്തിന്റെ പ്രചാരം വേഗത്തില്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്താനുള്ള നടപടി. സാമ്പത്തിക മേഖലയിലെ വേഗത്തിലുള്ള മാറ്റങ്ങളോട് പൊരുത്തപ്പെടുന്നതിനും നിയന്ത്രണ സംവിധാനങ്ങളെ നവീകരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. സേവനം അച്ചടക്കത്തോടെയും സുതാര്യമായും നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ സ്ഥാപിക്കാനുള്ള പ്രതിബദ്ധതയോടെയാണ് തീരുമാനം.

സാമ്പത്തിക നവീകരണം പ്രോല്‍സാഹിപ്പിക്കുന്നതോടൊപ്പം ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കലും സാമ്പത്തിക സ്ഥിരത ഉറപ്പാക്കലുമാണ് ലക്ഷ്യമെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. വ്യക്തമായ നിയന്ത്രണ ചട്ടക്കൂട് നിലവില്‍ വരുന്നത് സാമ്പത്തിക മേഖലയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും അനിവാര്യമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags: