കേടായ നോട്ടുകൾ കൈമാറാം; നിബന്ധനകൾ വ്യക്തമാക്കി ഒമാൻ സെൻട്രൽ ബാങ്ക്

Update: 2026-04-06 06:13 GMT

മസ്കത്ത്: കേടുപാടുകൾ സംഭവിച്ച ബാങ്ക് നോട്ടുകൾ മാറ്റിനൽകുന്നതിനുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഒമാൻ സെൻട്രൽ ബാങ്ക്. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ കറൻസി സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. കീറിയതും നശിച്ചതും കത്തിപ്പോയതുമായ നോട്ടുകൾ നിർദ്ദിഷ്ട നിബന്ധനകൾ പാലിച്ചാൽ സാധുവായ നോട്ടുകളാക്കി മാറ്റി നൽകുമെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് കത്തിപ്പോയ നോട്ടുകൾ മാറ്റുന്നതിനായി റോയൽ ഒമാൻ പോലിസോ ബന്ധപ്പെട്ട വാലിയോ നൽകുന്ന ഔദ്യോഗിക റിപോർട്ട്‌ നിർബന്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷകന്റെ തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. കൂടാതെ നോട്ടുകൾ നേരിട്ട് ഹാജറാക്കുകയും അപേക്ഷകൻ വ്യക്തിപരമായി എത്തുകയും വേണം.

കീറിയ നോട്ടുകൾക്ക് കുറഞ്ഞത് ഒരു പൂർണ സീരിയൽ നമ്പർ വ്യക്തമായിരിക്കണം. അതുപോലെ നോട്ടിന്റെ പകുതിയിലധികം ഭാഗം നിലനിൽക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ നിബന്ധനകൾ പൂർണമായി പാലിക്കാത്ത നോട്ടുകളും പരിഗണിക്കാമെന്നാണ് സെൻട്രൽ ബാങ്കിന്റെ വിശദീകരണം. ഇത്തരം സാഹചര്യങ്ങളിൽ സാമൂഹിക വികസന മന്ത്രാലയമോ ബന്ധപ്പെട്ട വാലിയോ നൽകുന്ന ശുപാർശ കത്ത് സമർപ്പിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.

Tags: