കുവൈത്തില്‍ പെരുന്നാളിന് ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുതിയ ഷെഡ്യൂള്‍

Update: 2026-03-18 16:23 GMT

കുവൈത്ത് സിറ്റി: പെരുന്നാളിന് ശേഷം കുവൈത്തിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയതായി സിവില്‍ സര്‍വീസ് കമ്മീഷന്‍. ചെറിയ പെരുന്നാള്‍ അവധിക്ക് ശേഷം രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി സമയം ആറ് മണിക്കൂറായി കുറച്ചുകൊണ്ട് സിവില്‍ സര്‍വീസ് കമ്മീഷന്‍ ഉത്തരവിറക്കി. ജീവനക്കാരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഓഫീസുകളില്‍ ഒരേസമയം 30 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. ബാക്കിയുള്ളവര്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലോ ജോലി ചെയ്യാവുന്നതാണ്.

ഓരോ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സ്വഭാവം അനുസരിച്ച് ദിവസേനയുള്ളതോ ആഴ്ചയിലുള്ളതോ ആയ ഷിഫ്റ്റുകള്‍ ക്രമീകരിക്കാന്‍ വകുപ്പുകള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. നിലവില്‍ ജോലി സമയം കുറവുള്ള വിഭാഗങ്ങള്‍ക്ക് പുതിയ ഉത്തരവ് പ്രകാരം അത് നാല് മണിക്കൂറായി ചുരുങ്ങും. ഹാജര്‍ രേഖപ്പെടുത്തുന്നതിന് വിരലടയാള സംവിധാനവും നിലവിലുള്ള മറ്റ് ഗ്രേസ് പിരീഡുകളും തുടരും. എന്നാല്‍ വൈകുന്നേര ഷിഫ്റ്റുകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചതായും അധികൃതര്‍ അറിയിച്ചു. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന അവശ്യ സര്‍വീസുകളെ ഈ മാറ്റം ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഈദ് അവധി കഴിഞ്ഞ് അടുത്ത ദിവസം മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത് തുടരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Tags: