സൗദി വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ജിസിസി പൗരന്മാര്‍ക്ക് അടിയന്തര സഹായവുമായി ആഭ്യന്തര മന്ത്രാലയം
റിയാദ്: വിവിധ സാഹചര്യങ്ങള്‍ മൂലം സൗദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയിട്ടുള്ള മറ്റു ജിസിസി (ഗള്‍ഫ് സഹകരണ കൗണ്‍സില്‍) രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അടിയന്തര സഹായവും ആവശ്യമായ സൗകര്യങ്ങളും ഉറപ്പാക്കാന്‍ സൗദി ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.
സൗദിയിലെത്തുന്ന ഇതരഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ലഘൂകരിക്കാനും, മാന്യമായ താമസസൗകര്യവും വിശ്രമ സൗകര്യങ്ങളും ഒരുക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങാന്‍ അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് വരെ ഇവര്‍ക്ക് സൗദിയുടെ അതിഥികളായി തുടരാമെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.
വിമാനത്താവളങ്ങളില്‍ കുടുങ്ങിയിരിക്കുന്നവര്‍ വിമാനത്താവളങ്ങളിലെ പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഓപ്പറേഷന്‍സ് ഡെസ്‌കുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെടാനുള്ള ഏകീകൃത ഹെല്‍പ്‌ലൈന്‍ നമ്പറായ 992 ഉപയോഗിക്കാമെന്നും അറിയിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമാകുന്ന മുറയ്ക്ക് സ്വന്തം രാജ്യങ്ങളിലേക്കുള്ള മടക്കയാത്രയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സൗദി സര്‍ക്കാര്‍ ഉറപ്പ് നല്‍കി.