മസ്ജിദുല്‍ ഹറമിലെ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം

Update: 2026-03-11 07:44 GMT

മക്ക: വിശുദ്ധ ഹറമിലെ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുകയും കര്‍മങ്ങള്‍ സുഗമമായി നിര്‍വഹിക്കാന്‍ സൗകര്യം ഒരുക്കുകയും ചെയ്യുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ച് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. മസ്ജിദുല്‍ ഹറമിലെ പ്രധാന പ്രദക്ഷിണ മേഖലയായ മത്‌വാഫ് നിലവില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

തീര്‍ത്ഥാടകര്‍ എല്ലാവരും അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള പ്രത്യേക പാതകള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. മത്‌വാഫ് മേഖലയിലെ തിരക്ക് കുറയ്ക്കുകയും തീര്‍ത്ഥാടകര്‍ക്ക് ശാന്തമായി കര്‍മങ്ങള്‍ നിര്‍വഹിക്കാനുമാണ് ഈ ക്രമീകരണത്തിന്റെ ലക്ഷ്യം. താഴത്തെ നിലയിലെ തിരക്ക് ഒഴിവാക്കുന്നതിനായി മുകളിലെ നിലകളിലും ത്വവാഫ് നിര്‍വഹിക്കാന്‍ സൗകര്യമുണ്ടെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. നിശ്ചിത പാതകളിലൂടെ സഞ്ചരിക്കുന്നത് തീര്‍ത്ഥാടകരുടെ പോക്കുവരവ് കൂടുതല്‍ ക്രമീകരിക്കാനും സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ത്വവാഫ് ചെയ്യുമ്പോള്‍ ഹജ്‌റുല്‍ അസ്വദിനടുത്ത് നിന്ന് തന്നെ പ്രദക്ഷിണം ആരംഭിക്കണമെന്നും മറ്റു തീര്‍ത്ഥാടകര്‍ക്ക് തടസ്സമുണ്ടാക്കുന്ന വിധത്തില്‍ നില്‍ക്കുകയോ പ്രവാഹത്തിന് വിരുദ്ധമായി സഞ്ചരിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ഹറമിലെ മത്വാഫ്, സഫ-മര്‍വ (മസ്അ) എന്നിവിടങ്ങളിലെ ജനസാന്ദ്രത തല്‍സമയം അറിയാന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. കൂടാതെ തീര്‍ത്ഥാടകര്‍ക്ക് പുറത്തിറക്കിയ 'ഉംറ ആന്‍ഡ് വിസിറ്റ് ഗൈഡ്' മുഴുവനും വായിച്ചു മനസ്സിലാക്കുന്നത് സുരക്ഷിതവും ക്രമബദ്ധവുമായ തീര്‍ത്ഥാടനം ഉറപ്പാക്കാനും സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Tags: