കുവൈത്ത് സിറ്റി: ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ വീണ്ടും വ്യാപിപ്പിച്ച് കുവൈത്ത് എയര്‍വേയ്‌സ്. കൊച്ചി ഉള്‍പ്പെടെ മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നീ നാലു നഗരങ്ങളിലേക്ക് ഞായറാഴ്ച്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. സൗദി അറേബ്യയിലെ ദമ്മാം അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരിക്കും സര്‍വീസുകള്‍. ആഴ്ചയില്‍ ഒരു സര്‍വീസ് എന്ന നിലയില്‍ ഞായറാഴ്ച മാത്രമായിരിക്കും അഹമ്മദാബാദിലേക്ക് സര്‍വീസ്. കൊച്ചിയിലേക്ക് തിങ്കളാഴ്ചയും ബുധനാഴ്ചയും ആഴ്ചയില്‍ രണ്ടു സര്‍വീസുകളായിരിക്കും. ഡല്‍ഹിയിലേക്കുള്ള സര്‍വീസ് ചൊവ്വാഴ്ചയും മുംബൈ സര്‍വീസ് ഈ മാസം പത്തു മുതല്‍ വെള്ളിയാഴ്ചകളിലും ആരംഭിക്കും.
ദമ്മാം വഴി അടുത്തിടെ ആരംഭിച്ച ലണ്ടന്‍, കയ്‌റോ, ഇസ്താംബൂള്‍, ലാഹോര്‍, അമ്മാന്‍ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളുടെ ഭാഗമായാണ് ഇന്ത്യയിലേക്കുള്ള സര്‍വീസുകളും പുനരാരംഭിക്കുന്നതെന്ന് ആക്ടിങ് സിഇഒ അബ്ദുല്‍ വഹാബ് അല്‍ ഷത്തി വ്യക്തമാക്കി. ഇതോടെ കുവൈത്ത് എയര്‍വേയ്‌സിന്റെ പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഒന്‍പതായി ഉയര്‍ന്നിട്ടുണ്ട്. ദമ്മാം വഴി യാത്ര ചെയ്യുന്നവര്‍ക്ക് സൗദി അറേബ്യ വിസയ്ക്കായി അപേക്ഷിക്കാനുള്ള സൗകര്യവും ആരംഭിച്ചിട്ടുണ്ട്. കുവൈത്ത് എയര്‍വേയ്‌സ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഈ സേവനം ലഭ്യമാകും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം, ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് മികച്ച പ്രവര്‍ത്തന സംവിധാനങ്ങള്‍ ഉറപ്പാക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ, അല്‍ ഖൈറാന്‍ മാളുമായി സഹകരിച്ച് യാത്രയ്ക്ക് മുന്‍പ് ആകര്‍ഷക നിരക്കില്‍ ഷോപ്പിങ് സൗകര്യം ഉള്‍പ്പെടെയുള്ള പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്. 171 ഹോട്ട്‌ലൈന്‍, 009651802050 വാട്‌സ്ആപ്പ്, സെയില്‍സ് ഓഫീസുകള്‍ എന്നിവ വഴി ബുക്കിങ് നടത്താം.
